ഒരു സത്യം പറയട്ടെ. എനിക്കു കത്തോലിക്കാ സഭയോടു വിരോധമൊന്നുമില്ല. പിന്നെയെന്തിനാണ് ഇങ്ങനെ മാര്‍പ്പാപ്പമാരെ കുറിച്ചു അപവാദം പറഞ്ഞുപരത്തുന്നത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. പോപ്പ് കുഞ്ഞിനെ പ്രസവിച്ച കഥയ്ക്ക് കിട്ടിയ ആവശേകരമായ പ്രതികരണം കണ്ടപ്പോള്‍ മറ്റൊരു പോപ്പിന്റെ കഥ കൂടി പറയാമെന്നു തോന്നി. ഇതു കൂടി പറഞ്ഞിട്ട് പോപ്പുമാരെ വെറുതെ വിട്ടേക്കാം.
പത്താം നൂറ്റാണ്ടില്‍ അതായത്, എ.ഡി. 955 മുതല്‍ 964 വരെയായിരുന്നു ഈ പോപ്പിന്റെ ഭരണകാലം. യഥാര്‍ഥ പേര് ഒക്ടേവിയന്‍. റോമന്‍ ഭരണാധികാരിയായിരുന്ന അല്‍ബെറിക് എന്ന രാജാവിന്റെ മകനായിരുന്നു ഇദ്ദേഹം. രാജാവ് തന്റെ മരണസമയത്ത്, തന്റെ അവസാന ആഗ്രഹം റോമന്‍ പ്രഭുക്കന്മാരോടും ബിഷപ്പുമാരോടും അവതരിപ്പിച്ചു. അടുത്ത ഒഴിവു വരുമ്പോള്‍ തന്റെ മകനെ പോപ്പാക്കണം. സെന്റ് പീറ്റേഴ്സ് ദേവാലയത്തിലെ അള്‍ത്താരയ്ക്കു മുന്നില്‍ വച്ച് അവര്‍ പ്രതിജ്ഞ ചെയ്തു.
രാജാവ് സമാധാനത്തോടെ മരിച്ചു. പോപ് അഗപെറ്റസ് രണ്ടാമന്‍ മരിച്ചപ്പോള്‍ രാജാവിനു കൊടുത്ത വാക്ക് അവര്‍ പാലിച്ചു. അങ്ങനെ പതിനെട്ടാം വയസില്‍ പോപ്പായി തിരഞ്ഞെടുക്കപ്പെട്ട ഈ മനുഷ്യന്‍ പോപ് ജോണ്‍ പന്ത്രണ്ടാമന്‍ എന്ന പേര് സ്വീകരിച്ചു. 2000 വര്ഷത്തോളം പഴക്കം പറയാവുന്ന കത്തോലിക്കാ സഭ കണ്ട ഏറ്റവും മോശപ്പെട്ട പോപ്പായിരുന്നു ഇദ്ദേഹം.
ക്രൈസ്തവര്ക്കെല്ലാം മാതൃകയാകേണ്ട ഈ പോപ്പ് ആരാധിച്ചിരുന്നത് ക്രിസ്തുവിനെയായിരുന്നില്ല. റോമന്‍, ഗ്രീക്ക് ദൈവങ്ങളില്‍ വിശ്വസിച്ചിരുന്ന ഈ മനുഷ്യന്‍ വത്തിക്കാനിലെ തന്റെ കൊട്ടാരത്തില്‍ ഈ ദൈവങ്ങളുടെ വിഗ്രഹങ്ങളെ ആരാധിക്കുക പോലും ചെയ്തിരുന്നുവത്രേ. പരിശുദ്ധമായ സെന്റ് പീറ്റേഴ്സ് ദേവാലയത്തെ വേശ്യാലയമാക്കി മാറ്റിയ പോപ്പിനെക്കുറിച്ച് അന്നു തന്നെ വ്യാപകമായ പരാതിയുണ്ടായിരുന്നു. പോപ്പിന് നിരവധി രഹസ്യ കാമുകിമാര്‍ ഉണ്ടായിരുന്നതായി മറ്റു ബിഷപ്പുമാര്‍ പരാതിപ്പെട്ടു.
ഇറ്റലിയിലെ രാജാവായിരുന്ന ബെറെനഗര്‍ രണ്ടാമന്‍ പോപ്പിന്റെ അതിക്രമങ്ങള്‍തിരെ പ്രതികരിക്കുകയും അദ്ദേഹത്തിനെതിരെ യുദ്ധം ആരംഭിക്കുകയും ചെയ്തു. യുദ്ധത്തില്‍ പോപ്പിന്റെ അധികാരപരിധിയിലുള്ള നിരവധി പ്രദേശങ്ങള്‍ ബെറെനഗര്‍ പിടിച്ചെടുത്തു. മാര്‍പ്പാപ്പ ജര്‍മന്‍ ചക്രവര്ത്തിയായ ഒട്ടോ ഒന്നാമന്റെ സഹായം അഭ്യര്ഥിച്ചു. അദ്ദേഹം റോമിലെത്തി ബെറെനഗറിനെതിരെ മാര്പാപ്പയെ സഹായിച്ചു. പ്രതിഫലമെന്നോണം പരിശുദ്ധമായ റോമന്‍ സാമ്രാജ്യത്തിന്റെ ചക്രവര്ത്തിയെന്ന സ്ഥാനം പോപ് ഒട്ടോ ഒന്നാമനു നല്കി. പക്ഷേ, അധികം വൈകാതെ മാര്പാപ്പയുടെ കള്ളക്കളികള്‍ ഒട്ടോ ഒന്നാമന്റെ ചെവിയിലുമെത്തി.
ഒട്ടോ ഒന്നാമന് അറുപതോളം വരുന്ന റോമന്‍, ജര്‍മന്‍ ബിഷപ്പുമാരുടെ സിനഡ് വിളിച്ചുചേര്ത്തു. എല്ലാവരും ഒരേ സ്വരത്തില്‍ പോപ്പിനെ നീക്കണമെന്ന് വാദിച്ചു. കൊലപാതകം, വ്യഭിചാരം, മദ്യപാനം, നായാട്ട് തുടങ്ങിയ നിരവധി ആരോപണങ്ങള്‍ സിനഡില്‍ ഉയര്ന്നുവന്നു. സിനഡ് ഏകകണ്ഠമായി ജോണ്‍ പന്ത്രണ്ടാമനെ മാര്പാപ്പാ സ്ഥാനത്തുനിന്നു നീക്കി. ലിയോ എട്ടാമനെ പുതിയ പോപ്പായി തിരഞ്ഞെടുത്തു.
ജോണ്‍ പന്ത്രണ്ടാമന്‍ അപ്പോഴേക്കും തന്റെ കാമുകിമാര്ക്കൊപ്പം ഒളിവില്‍ പോയിരുന്നു. അവിടെവച്ച് അദ്ദേഹത്തിന്റെ കാമുകിമാരില്‍ ഒരാളുടെ ഭര്ത്താവിന്റെ അടിയേറ്റ് അദ്ദേഹം മരിച്ചു.
കത്തോലിക്കാ സഭയുടെ വിശുദ്ധരുടെ പട്ടികയില്‍ പോപ് ജോണ്‍ പന്ത്രണ്ടാമനെ ഉള്പ്പെടുത്തിയിട്ടുണ്ട് എന്നത് വിചിത്രമായി തോന്നാം. യേശുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധനായാണ് പോപ്പിനെ സഭ കാണുന്നത്. പക്ഷേ, നിരവധി സഭാ പുസ്തകങ്ങളില്‍ പോപ്പിന്റെ കള്ളക്കളികളും അദ്ദേഹത്തെ നീക്കിയ കഥയും വിവരിച്ചിട്ടുണ്ട്.
Subscribe to:
Post Comments (Atom)
1 comment:
വിശുദ്ധനോ? വിശുദ്ധരുടെ പട്ടികയില്‍ ജോണ്‍ പന്ത്രണ്ടാമന്‍ ഇല്ലല്ലോ?
Post a Comment