Monday, November 20, 2006

ഞാന്‍ ഗാംഗുലി, നിങ്ങള്‍ എന്നെ മറന്നോ ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരാജയപ്പെടുമ്പോഴെല്ലാം ഞാന്‍ ഗാംഗുലിയെ ഓര്‍ക്കും. പാവം സൌരവ്. അവനായിരുന്നു നായകനെങ്കില്‍ ഒരുപക്ഷേ, ഇന്ത്യ വെസ്റ്റ് ഇന്തീസിനെ തറപറ്റിച്ചേനേ..

ഈ ചിന്ത എന്റെ മനസിലെന്നപോലെ ഇന്ത്യയിലെ നിരവധി ക്രിക്കറ്റ് പ്രേമികളുടെ മനസിലൂടെയും കടന്നുപോകുന്നുണ്ടെന്ന് ഉറപ്പ്. ഓര്‍കുഡ്.കോമിലെ ഗാംഗുലി ആരാധകരുടെ പേജിലേക്ക് ഒന്നു കടന്നുചെന്നുനോക്കിയാല്‍ ഞാനീപ്പറഞ്ഞതു ശരിയാണെന്ന് ബോധ്യമാവും.

ഗാംഗുലിയായിരുന്നുവെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നോ? കളിച്ച എല്ലാ കളികളിലും ഇന്ത്യയെ വിജയത്തിലേക്കു നയിച്ച ക്യാംപ്റ്റനാണോ ഗാംഗുലി? അല്ല. പിന്നെയെന്തിനാണ് ഇങ്ങനെ വെറുതെ ഗാംഗുലിയെ പൊക്കുന്നതെന്നു ചിലരെങ്കിലും ചോദിച്ചേക്കാം. പറയാം.

ഒരിക്കല്‍ ഓര്‍കുഡിലെ ചര്‍ച്ചകളൊന്നില്‍ ഒരു വിരുതന്‍ എഴുതി. ആസ്ട്രേലിയന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് രഹസ്യമായി ഗ്രെഗ് ചാപ്പലെന്ന ഇന്ത്യയുടെ കോച്ചിനു പ്രതിഫലം നല്കുന്നുണ്ടത്രേ.. ഇന്ത്യയുടെ മികച്ച ടീം ആസ്ട്രേലിയയ്ക്കു ഭീഷണിയായി തീരുമെന്നു കണ്ട് ആ ടീമിനെ തകര്‍ക്കാനുള്ള അതീവ രഹസ്യവും ആസൂത്രിതവുമായ പദ്ധതി.ചാപ്പല്‍ ഇന്ത്യയുടെ കോച്ചാകാന്‍ കരാര്‍ ഒപ്പിട്ടതു തന്നെ ആദ്യഗഡു പണം കൈപ്പറ്റിയ ശേഷമായിരുന്നുവത്രേ.

രഹസ്യകരാറിനെപ്പറ്റി ഏതോ ഒരു ആസ്ട്രേലിയന്‍ പത്രത്തില്‍ വാര്‍ത്തയുമുണ്ടായിരുന്നുവെന്നും അയാള്‍ എഴുതി. ഓര്‍കുഡിലെ ഗാംഗുലി ആരാധകരെല്ലാം സകലമാന ആസ്ട്രേലിയന്‍ പത്രങ്ങളുടെയും ഓണ്‍ലൈന്‍ എഡിഷനുകള്‍ പരതി. ഞാനടക്കം. അങ്ങനൊയൊരു സംഭവമേ നടന്നിട്ടില്ലെന്നു തിരിച്ചറിയപ്പെട്ടു. സംഗതി അവിടെതീര്‍ന്നു. പക്ഷേ, പിന്നീടാലോചിച്ചപ്പോള്‍ ചാപ്പല്‍ വിരുദ്ധനായ ഏതോ കുസൃതിയുടെ ഭാവനയ്ക്കപ്പുറം അതില്‍ സത്യത്തിനു ചെറിയ സാധ്യതയുണ്ടെന്നു തോന്നി.

ചാപ്പിലെന്ന കോച്ചിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയല്ലേ ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ടീമിന്റെ പുറത്തായത്. മോശം ഫോമിന്റെ പേരില്‍ മാത്രമായിരുന്നോ? മോശം ഫോമിന്റെ പേരില്‍ ഇന്ത്യയ്ക്ക് ഇത്രയധികം നേട്ടങ്ങള് സമ്മാനിച്ച ക്യാപ്റ്റനെ മാറ്റാമെങ്കില്‍ അതേ മാനദണ്ഡം ഇപ്പോള്‍ ടീമില്‍ തുടരുന്നവര്‍ക്കും ബാധകമല്ലേ ?തുടര്‍ച്ചയായി മോശം പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടും ഇപ്പോഴും ടീമില്‍ തുടരുന്ന വീരേന്ദ്രറിനെക്കുറിച്ച് ചാപ്പലിനെ ഉത്കണ്ഠയില്ലേ? ആണ്ടിലൊരിക്കല്‍ അടിക്കുന്ന ഒരു സെഞ്ചുറിയുടെ പേരില്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കുന്ന വേറെ ഏത് കളിക്കാരനുണ്ട് ക്രിക്കറ്റ് ലോകത്ത്? സച്ചിന്‍ തെണ്ടുല്ക്കറും ക്യാപ്റ്റന്‍ ദ്രാവിഡുമല്ലാതെ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വേറെ ഏത് കളിക്കാരനാണ് ഇപ്പോള്‍ ടീമിലുള്ളത് ? ഗാംഗുലി ഇല്ലെങ്കില്‍ ടീം ഇന്ത്യ തോല്ക്കുമെന്നോ എല്ലാവരെയുംകാള്‍ മികച്ചവന്‍ ഗാംഗുലിയാണെന്നോ അല്ല‌ പ‌ര‌ഞ്ഞുവ‌രുന്ന‌ത്.

ഗാംഗുലി കെട്ടിപ്പടുതെടുത്ത ടീം ഇന്ത്യയുടെ കളിക്കിടയില്‍ പരസ്യക്കാരനായി വന്ന് "എന്റെ പേര് സൌരവ് ഗാംഗുലി, എന്നെ മറന്നോ" എന്നു ഗാംഗുലി ചോദിക്കുന്നതു കാണുമ്പോള്‍ മനസില്‍ ഒരു കുറ്റബോധം. നമ്മള്‍ ആ മനുഷ്യനോട് കാണിച്ചതു ക്രൂരതയല്ലേ?..നീതിയുടെ അംശമെങ്കിലും ആ തീരുമാനത്തിലുണ്ടായിരുന്നോ? സ്റ്റീവ് വോയ്ക്ക് ആസ്ട്രേലിയന്‍ ടീം നല്കിയ വീരോചിതമായ യാത്രയയപ്പ് നമ്മള്‍ കണ്ടതല്ലേ. അങ്ങനെയൊരു യാത്രയയപ്പിനു ഗാംഗുലിക്കും അര്‍ഹതയുണ്ടായിരുന്നില്ലേ..?

അവഹേളനവും പരിഹാസവും സഹിക്കാനാവാതെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചുകൂടെ എന്നു ചോദിക്കുന്നവരുമുണ്ട്. കപില് ദേവ് പോലും ഗാംഗുലിയെ ഉപദേശിച്ചത് വിരമിക്കാനാണ്. പക്ഷേ, നന്ദികേടുകള്‍ ക്രിക്കറ്റിന്റെ ഭാഗമാണെന്നു ഗാംഗുലി മനസിലാക്കുന്നു. ലോഡ്സില്‍ ഷര്‍ട്ടൂരി വീശിയ അതേ ആവേശത്തോടെ തന്റെ കഴിവ് തെളിയിച്ചുകൊടുക്കാന്‍ പാഡണിഞ്ഞ് അദ്ദേഹം ഇപ്പോഴും ക്രീസിലെത്തുന്നു. മൂന്നും നാലും നിരയിലുള്ള ജൂനിയര്‍ താരങ്ങളിലൊരാളായി ബാറ്റുവീശുന്നു. പന്തെറിയുന്നു. തമാശകള്‍ പങ്കുവയ്ക്കുന്നു. ഒരോ ക‌ളിക്കാരെയും അടുത്തുവിളിച്ച് ഉപദേശങ്ങള്‍ നല്കുന്നു. എന്നെങ്കിലുമൊരിക്കല്‍ തന്റെ ബാറ്റില്‍ നിന്ന് വീണ്ടും റണ്സുകല്‍ ഒഴുകിത്തുടങ്ങുമെന്ന പ്രതീക്ഷയോടെ..എന്തൊരു നിശ്ചയദാര്‍ഢ്യം.

ഗാംഗുലീ...നിനക്കതിന് കഴിയും. തെളിയിക്കുക. നീ ഒരു ആണത്തമുള്ളവനാണെന്ന്..

No comments: