Monday, November 20, 2006

കരയാനറിയാത്ത ദൈവങ്ങളേ...

ചന്ദ്രമതി എന്ന സാധുസ്ത്രീയുടെ കഥയാണ് പറയാനൊരുങ്ങുന്നത്. കുട്ടികളുണ്ടാകാത്തതിന്റെ പേരില്‍ സ്വന്തം ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട ചന്ദ്രമതിത്തമ്പുരാട്ടിയുടെ കഥ.ഭര്‍ത്താവിന്റെ പേരു പറഞ്ഞാല്‍ നിങ്ങളറിയും. നിങ്ങളല്ല സകല മലയാളികളും അറിയും. വയലാര്‍ രാമവര്‍മ. മലയാളത്തിന്റെ പ്രിയകവി.

ചന്ദ്രമതിയമ്മയെ ഇപ്പോളോര്‍ക്കാന്‍ രണ്ടു കാര്യങ്ങളുണ്ട്. കവിയുടെ മകന്‍ ശരത് ചന്ദ്ര വര്‍മയുടെ ഒരു അഭിമുഖം വായിച്ചപ്പോള്‍ ചന്ദ്രമതിയമ്മയുടെ കാര്യം പരാമര്‍ശിച്ചുകണ്ടതാണ് അതിലൊന്ന്. രണ്ടാമതായി, വയലാറിന്റെ ചമരവാര്‍ഷികം അടുത്തു എന്നറിഞ്ഞപ്പോള്‍.

വയലാറിന്റെ രണ്ടാം ഭാര്യ ഭാരതിത്തമ്പുരാട്ടിയുടെ ഇന്ദ്രധനുസ്സിന്‍ തീരത്ത് എന്ന ആത്മകഥ വായിച്ചപ്പോഴാണ് ചന്ദ്രമതിയമ്മയെ ഞാന്‍ അടുത്തറിയുന്നത്. കണ്ണു തുറക്കാത്ത, കരയാനറിയാത്ത, ചിരിക്കാനറിയാത്ത കളിമണ്‍ പ്രതിമകളെന്നു ദൈവങ്ങളെ വിളിച്ച കവി തന്റെ ഭാര്യയുടെ കണ്ണീര് മാത്രം കണ്ടില്ലെല്ലോ എന്ന് അന്ന് തോന്നി. അതോ, കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചതോ.

വയലാറിന് അമ്മ എല്ലാമെല്ലാമായിരുന്നു. അമ്മയ്ക്കാണെങ്കില്‍ മകനോടു ഒരുതരം ഭ്രാന്തമായ സ്നേഹം. സ്നേഹം സ്വാര്‍ത്ഥതയായി മാറിയ അവസ്ഥ. അംബാലികത്തമ്പുരാട്ടി എന്നായിരുന്നു വയലാറിന്റെ അമ്മയുടെ പേര്. മകന് മൂന്നു വയസുമാത്രം പ്രായമുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചതാണ്. അന്നു മുതല് മകനു വേണ്ടി മാത്രം ജീവിച്ചു.

വയലാര്‍ ഒരിക്കല്‍ അമ്മയെ കുറിച്ചെഴുതിയത് ഇങ്ങനെയായിരുന്നു-എന്നോടൊപ്പം വട്ടുകളിക്കാനും മാങ്ങാ എറിയാനും മണ്ണപ്പം ചുടാനും അമ്മയുണ്ടായിരുന്നു. എന്റെ കളിക്കൂട്ടുകാരിയായിരുന്നു അമ്മ.വയലാറിനു ഇരുപതു വയസുള്ളപ്പോള്‍ അമ്മ മകനു വേണ്ടി വിവാഹാലോചനകള്‍ തുടങ്ങി.

ആലോചനകള്‍ ചെന്നു നിന്നത് ചെങ്ങണ്ട കോവിലകത്തായിരുന്നു. ഉത്രം തിരുനാള്‍ രാമവര്‍മയുടെ മകള്‍ ചന്ദ്രമതി. 18 വയസ് പ്രായം. സുന്ദരി. ചെങ്ങണ്ട കോവിലകത്തുനിന്ന് ഒരു വിവാഹം വയലാറും മോഹിച്ചിരുന്നു. ചന്ദ്രികയെയായിരുന്നില്ലെന്നു മാത്രം. ചന്ദ്രമതിയുടെ ഇളയ സഹോദരി ഭാരതി. പക്ഷേ, അമ്മ തിരഞ്ഞെടുത്തതു ചന്ദ്രമതിയെയായിരുന്നു. വീട്ടിലെ മൂത്ത പെണ്‍ക്കുട്ടിയെന്ന നിലയില്‍ ചന്ദ്രമതിയുടെ വീട്ടുകാരും അതായിരുന്നു ആഗ്രഹിച്ചിരുന്നത്.

അമ്മയുടെ താത്പര്യം അനുസരിച്ച് വയലാര്‍ ചന്ദ്രമതിയെ വിവാഹം കളിച്ചു. ഏഴുവര്‍ഷം അവര്‍ ഒന്നിച്ചുജീവിച്ചു. അമ്മ പറയുന്നതു പോലെ മാത്രമേ ആ സ്ത്രീ ജീവിച്ചുള്ളു. അവര്‍ പറയുന്നതെന്തും അനുസരിച്ചു. അപ്പോഴേക്കും വയലാര്‍ അറിയപ്പെടുന്ന കവിയായിക്കഴിഞ്ഞിരുന്നു. തിരക്കോട് തിരക്ക്. എപ്പോഴും യാത്ര.

വര്‍ഷങ്ങള്‍ കടന്നുപോയി. കാത്തുകാത്തിരുന്നിട്ടും ചന്ദ്രമതി ഗര്‍ഭിണിയാകാത്തതില്‍ വയലാറിന്റെ അമ്മ അസ്വസ്ഥയായിരുന്നു. പൂജയും വഴിപാടുകളും ഏറെ നടത്തി. എന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ ചന്ദ്രമതിയെ അമ്മ തന്നെ നിര്‍ബന്ധപൂര്‍വം ഡോക്ടറുടെ അടുത്തു കൊണ്ടുപോയി. വിശദമായ പരിശോധനയ്ക്കു ശേഷം ഡോക്ടര്‍ പറഞ്ഞു- ചന്ദ്രമതിക്ക് ഒരിക്കലും അമ്മയാവാന്‍ കഴിയില്ല.

ആ അമ്മയ്ക്കു മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു. ചന്ദ്രമതിയുടെ മുഖത്തു നോക്കി അവര്‍ പറഞ്ഞു- കുട്ടനുമായുള്ള (വയലാറിനെ കുട്ടനെന്നായിരുന്നു അമ്മ വിളിച്ചിരുന്നത്) വിവാഹബന്ധം ഉപേക്ഷിക്കണം.

ചന്ദ്രമതി ആദ്യമൊന്നും വഴങ്ങിയില്ല. വയലാറിന്റെ സുഹൃത്തുക്കളെ കൊണ്ടും ബന്ധുക്കളെക്കൊണ്ടുമൊക്കെ അവര്‍ ചന്ദ്രമതിയെ നിര്‍ബന്ധിപ്പിച്ചു. കരയുകയല്ലാതെ അവര്‍ മറുപടിയൊന്നും പറഞ്ഞില്ല. അമ്മയുടെ തീരുമാനത്തെ എതിര്‍ത്ത് ഒരു വാക്കുപോലും വയലാറും പറഞ്ഞില്ല. അമ്മ പുതിയൊരു മാര്‍ഗം കണ്ടെത്തി. ചന്ദ്രമതിയുടെ അനുജത്തി ഭാരതിയെ കുട്ടന്‍ വിവാഹം ചെയ്യട്ടെ. ചന്ദ്രമതിക്കു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. അവര്‍ കണ്ണീരോടെ കോവിലകത്തേക്കു മടങ്ങി.

ചന്ദ്രമതിയുടെ വീട്ടുകാര്‍ക്കും വയലാറിന്റെ അമ്മയുടെ തീരുമാനം ആദ്യം ഇഷ്ടമായില്ല. പക്ഷേ, ഒടുവില്‍ അവരും സമ്മതിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ച് വയലാര്‍ ഭാരതിയെ വിവാഹം കഴിച്ചു.

ചെങ്ങണ്ടയിലെ പുത്തന്‍ കോവിലകത്ത് വീട്ടിലിരുന്നു കണ്ണീരോടെ ചന്ദ്രമതി മനസുരുകി പ്രാര്‍ത്ഥിച്ചു. തന്റെ ഭര്‍ത്താവിനും അനുജത്തിക്കും വേണ്ടി. ആ പ്രാര്‍ഥന ഇപ്പോഴും തുടരുന്നു.വയലാര്‍ ചാര്‍ത്തിയ മിന്ന് വര്‍ഷങ്ങളോളം ഒരു നിധിപോലെ അവര്‍ സൂക്ഷിച്ചിരുന്നു എന്ന് എവിടെയോ വായിച്ച ഓര്‍മയുണ്ട്. തന്റെ അനുജത്തിയില്‍ ഭര്‍ത്താവിനുണ്ടായ മക്കളെ സ്വന്തം മക്കളെ എന്നപോലെ അവര്‍ സ്നേഹിച്ചു.

സഹോദരങ്ങളുടെ വീട്ടില്‍ ആറുമാസം വീതം മാറിമാറി താമസിക്കുകയായിരുന്നു അവര്‍, അടുത്തകാലം വരെയും. ഇത്രയും എഴുതിയപ്പോള്‍ ഒരു സംശയം. അവര്‍ ജീവിച്ചിരിപ്പുണ്ടോ. ആവോ അറിയില്ല.

No comments: