Thursday, October 21, 2010

ഇ-മെയിലില്‍ വരുന്ന മഹാത്ഭുതങ്ങള്‍


അത്ഭുതം. മഹാത്ഭുതം !!
മനോരമ ഒാണ്‍ലൈനില്‍ വരുന്ന ധ്യാനചിന്തകള്‍ വായിച്ച ഒരാളുടെ കംപ്യൂട്ടറിനെ ബാധിച്ചിരുന്ന വൈറസുകള്‍ പെട്ടെന്ന് ഇല്ലാതായി. ! വേറൊരാളുടെ കംപ്യൂട്ടറിന്റെ സ്ക്രീന്‍ സേവറിലെ യേശുക്രിസ്തുവിന്റെ ചിത്രത്തില്‍ നിന്ന് രക്തമൊഴുകുന്നു. ആ രക്തം തൊട്ടവരുടെയെല്ലാം രോഗങ്ങള്‍ മാറുന്നു !! ധ്യാനചിന്തകള്‍ വായിക്കാന്‍ വിസമ്മതിച്ച ഒരാളുടെ ഹാര്‍ഡ് ഡിസ്ക് ഇടിവെട്ടേറ്റ് തകര്‍ന്നു !!! വേറൊരാളുടെ കംപ്യൂട്ടര്‍ ഒരു ആന്റിവൈറസിനും രക്ഷിക്കാനാവാത്ത വിധം പുതിയ വൈറസുകള്‍ കയറി പാടെ നശിച്ചു !!!! അധികം വൈകാതെ ഇൌ മട്ടിലൊരു ഇ-മെയില്‍ നിങ്ങള്‍ക്കു വന്നെന്നിരിക്കാം; അത് പത്തു പേര്‍ക്ക് ഫോര്‍വേഡ് ചെയ്താല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വലിയൊരു അത്ഭുതം നിങ്ങളുടെ ജീവിതത്തിലും നടക്കും എന്നൊരു അടിക്കുറിപ്പോടെ. ഇ-മെയില്‍ ഫോര്‍വേഡ് ചെയ്യാതിരിക്കുകയോ ഡിലേറ്റ് ചെയ്യുകയോ ചെയ്താല്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ചുള്ള ഭീഷണിയും അടിക്കുറിപ്പിനൊപ്പം കാണും. കിട്ടിയാല്‍ കിട്ടി. പോയാല്‍ പോയി. എന്തിനു വെറുതെ ഭാഗ്യം പരീക്ഷിക്കണം എന്നു കരുതി അത് പലരും ഫോര്‍വേഡ് ചെയ്തുവെന്നും വരാം. കംപ്യൂട്ടറുകളും ഇ-മെയിലുമൊക്കെ വരുന്നതിനു മുന്‍പും ഇത്തരം തട്ടിപ്പുകളുണ്ടായിരുന്നു. ആളുകളെ വിഡ്ഢികളാക്കുന്ന ചില നമ്പരുകള്‍ ! വേളാങ്കണ്ണിയില്‍ മഹാത്ഭുതം എന്ന മട്ടിലുള്ള തലക്കെട്ടോടെ അച്ചടിച്ച നോട്ടീസുകള്‍ വീടുകള്‍ കയറിയിറങ്ങി വിതരണം ചെയ്തിരുന്നു ചിലര്‍. ഇൌ നോട്ടീസിന്റെ 250 കോപ്പി എടുത്ത് സൌജന്യമായി വിതരണം ചെയ്യുക. അങ്ങനെ ചെയ്ത പീരുമേട്ടിലെ ഒൌതക്കുട്ടിയുടെ കഴുത്തിലെ എട്ടുവര്‍ഷം പഴക്കമുള്ള മുഴ മാറി, തൃശൂരിലെ മറിയ ഇതിന്റെ 100 കോപ്പികള്‍ എടുത്ത് വിതരണം ചെയ്തു, അവരുടെ മകള്‍ക്ക് ഗള്‍ഫില്‍ ജോലി കിട്ടി. നോട്ടീസ് വായിക്കാതെ കീറി കളഞ്ഞ പച്ചാളത്തെ തോമസുകുട്ടിക്ക് ഇടിവെട്ടേറ്റു. പിന്നാലെ അയാളുടെ തലയില്‍ തേങ്ങാ വീണു ! അന്ന് ഇത്തരം ഭീഷണികളും പ്രലോഭനങ്ങളും വല്ലപ്പോഴും മാത്രമേ കയ്യിലെത്തിയിരുന്നുള്ളു. എന്നാല്‍, ഇന്ന് കാലം പുരോഗമിച്ചതോടെ അത്യാധുനിക സാങ്കേതിവിദ്യകളുടെ പിന്തുണ കൂടിയായി. ഇത്തരം ഇ-മെയിലുകള്‍ എത്താത്ത ദിവസങ്ങള്‍ ഇല്ല എന്നു തന്നെ പറയാം. ദൈവം ഒരു രാഷ്ട്രീയക്കാരനല്ല എന്നാണ് ഇത്തരം നോട്ടീസുകള്‍ കിട്ടുമ്പോള്‍ ആദ്യമോര്‍ക്കേണ്ടത്. നോട്ടീസടിച്ച് പബ്ലിസിറ്റി ഉണ്ടാക്കേണ്ട കാര്യം ദൈവത്തിനില്ല. തന്റെ മഹത്വം വര്‍ണിക്കുന്ന ഒരു ഇ-മെയില്‍ പത്തുപേര്‍ക്കു ഫോര്‍വേഡ് ചെയ്യുന്നതുകൊണ്ടു മാത്രം സന്തുഷ്ടനാകുന്ന നിസാരനാണോ അദ്ദേഹം? തനിക്കു പബ്ലിസിറ്റി കിട്ടാതിരിക്കാന്‍ മെയില്‍ ഡിലേറ്റ് ചെയ്യുന്നവനെ ശിക്ഷിക്കാന്‍ മാത്രം ചീപ്പാണോ ലോകാധിപനായ ദൈവം? ഇത്തരം മെയിലുകളില്‍ നമ്മള്‍ വിശ്വസിച്ചു പോയിട്ടുണ്ടോ? കിട്ടിയാല്‍ കിട്ടട്ടെ എന്നു കരുതി ഫോര്‍വേഡ് ചെയ്തിട്ടുണ്ടോ? എങ്കില്‍ കണ്ണടച്ച് കാതോര്‍ക്കുക. 'അല്‍പവിശ്വാസികളെ...' എന്ന് കര്‍ത്താവ് വിളിക്കുന്നത് നമുക്ക് കേള്‍ക്കാനാകും. കര്‍ത്താവ് നമ്മുടെ ഹൃദയത്തിലുണ്ടെങ്കില്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ നമ്മളെ കീഴടക്കുന്നതെങ്ങനെ? ഒരു വലിയ കമ്പനിയുടെ മേധാവിയാണ് നിങ്ങളുടെ ഒരു അടുത്ത സുഹൃത്ത് എന്ന് കരുതുക. നിങ്ങളുടെ ബാല്യകാല സുഹൃത്ത്. എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരാള്‍. നിങ്ങള്‍ പറയാതെ തന്നെ നിങ്ങളുടെ വിഷമം അറിഞ്ഞു സഹായിക്കുന്ന കൂട്ടുകാരന്‍. കമ്പനി മേധാവി നിങ്ങളുടെ അടുത്ത സുഹൃത്താണ് എന്നറിയാതെ ഒരാള്‍ നിങ്ങളെ സമീപിച്ച് ഒരു വാഗ്ദാനം നല്‍കുന്നു. ഒരു ലക്ഷം രൂപ തന്നാല്‍ കമ്പനി മേധാവിയെ സ്വാധീനിച്ച് നല്ലൊരു ജോലി നിങ്ങള്‍ക്കു വാങ്ങിത്തരാം എന്ന്. എന്തു മറുപടിയാവും നിങ്ങള്‍ പറയുക? ഇടനിലക്കാരാ, എനിക്ക് കമ്പനി മേധാവിയുമായി സംസാരിക്കുവാനോ ജോലി തരപ്പെടുത്താനോ നിന്റെ ശുപാര്‍ശ ആവശ്യമില്ല. നിനക്കുള്ളതിനെക്കാള്‍ അടുപ്പം ഞങ്ങള്‍ തമ്മിലുണ്ട് എന്നല്ലേ നമ്മള്‍ പറയൂ. തട്ടിപ്പുനടത്തി പണം സമ്പാദിക്കാന്‍ ശ്രമിക്കുന്ന ഇടനിലക്കാരനെ പിടിച്ച് പൊലീസിലേല്‍പിക്കാനും നമ്മള്‍ ശ്രമിക്കും. ഇല്ലേ? രോഗസൌഖ്യം നല്‍കുമെന്നു വ്യാജപ്രചാരണം നടത്തി പണം തട്ടുന്നവരോടും നേരത്തെ സൂചിപ്പിച്ച പോലുള്ള മെയിലുകള്‍ അയച്ച് ദൈവശക്തിയെ വിലകുറച്ചു കാണിക്കുന്നവരോടും പറയേണ്ടത് ഇങ്ങനെതന്നെയാണ്. സുഹൃത്തേ, എന്റെ ഹൃദയത്തില്‍ വസിക്കുന്ന ദൈവത്തോട് സംസാരിക്കുവാന്‍, അനുഗ്രഹങ്ങള്‍ യാചിക്കുവാന്‍ എനിക്കു നിന്റെ ഒൌദാര്യം ആവശ്യമില്ല. യേശു തന്നെ പറയുന്നു: ''മനുഷ്യരില്‍ നിന്നു ഞാന്‍ മഹത്വം സ്വീകരിക്കുന്നില്ല. എനിക്കു നിങ്ങളെ അറിയാം. നിങ്ങളില്‍ ദൈവസ്നേഹമില്ല. ഞാന്‍ എന്റെ പിതാവിന്റെ നാമത്തില്‍ വന്നിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ സ്വീകരിക്കുന്നില്ല. എന്നാല്‍ മറ്റൊരുവന്‍ സ്വന്തം നാമത്തില്‍ വന്നാല്‍ നിങ്ങള്‍ അവനെ സ്വീകരിക്കും.'' (യോഹന്നാന്‍ 5 :41-23) ദൈവത്തിലേക്ക് എത്തുവാനോ അനുഗ്രങ്ങള്‍ ലഭിക്കുവാനോ കുറുക്കുവഴികളൊന്നും തിരയേണ്ടതില്ല. മനസ്സുതുറന്ന് ദൈവത്തോട് പ്രാര്‍ഥിക്കുവിന്‍. 'വഴിയും സത്യവും ജീവനും ഞാനാകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല' - യേശുവിന്റെ ഇൌ വാക്കുകള്‍ മറക്കാതിരിക്കുക.

Sunday, April 20, 2008

വീണ്ടും ലിസ, മൊണാ ലിസ

'അവിശ്വസനീയമായതു സംഭവിച്ചു; മൊണാലിസ മോഷ്ടിക്കപ്പെട്ടു'
പാരീസിലെ നാഷനല്‍ ആര്‍ട്ട് ഗാലറിയില്‍ നിന്ന് 1911ല്‍ മൊണാലിസ എന്ന വിശ്വവിഖ്യാത പെയിന്റിങ് മോഷ്ടിക്കപ്പെട്ടപ്പോള്‍ വിദേശമാധ്യമങ്ങള്‍ ആ വാര്‍ത്തയ്ക്കു തലക്കെട്ടിട്ടത് ഇത്തരത്തിലായിരുന്നു.
ലാ ജൊക്കൊന്തെ എന്ന് ഫ്രഞ്ചുകാരും ലാ ജിയോകൊന്തെ എന്നു ഇറ്റലിക്കാരും വിളിക്കുന്ന മൊണാ ലിസയ്ക്കു വെറുമൊരു പെയിന്റിങ്ങിനുള്ളതിനെക്കാള്‍ വലിയ സ്ഥാനം ജനഹൃദയങ്ങളിലുണ്ടായിരുന്നു. അതു നഷ്ടപ്പെടുന്നതിനെക്കുറിച്ച് അവര്‍ക്കു ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല. രണ്ടു വര്‍ഷത്തിനു ശേഷം ഫ്ളോറന്‍സിലെ ഒരു ഹോട്ടല്‍മുറിയില്‍ നിന്ന് ചിത്രം കണ്ടുകിട്ടുന്നതു വരെ മൊണാ ലിസ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി.
അഞ്ചു നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇറ്റാലിയന്‍ നവോത്ഥാനകാലത്തെ പ്രമുഖ ചിത്രകാരന്‍ ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ ഈ പ്രസിദ്ധ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും വിലയിരുത്തലുകളും അവസാനിച്ചിട്ടില്ല. മൊണാ ലിസയുമായി ബന്ധപ്പെട്ട് വാര്‍ത്തകളും പഠനങ്ങളും ഇടയ്ക്കിടെ പുറത്തുവന്നു കൊണ്ടേയിരിക്കും; ഡാ വിഞ്ചിയുടെ മൊണാ ലിസ ആരായിരുന്നു, എന്തിനാണ് അവര്‍ ചിരിക്കുന്നത് തുടങ്ങിയ സംശയങ്ങള്‍ക്ക് ഉത്തരങ്ങളുമായി.
അത്തരത്തില്‍ പുതിയതാണ് കഴിഞ്ഞ ആഴ്ച ലണ്ടനില്‍ നിന്നു വന്നത്.
ഫ്ലോറെന്‍ഡയിലെ ഒരു വ്യാപാരിയായ ഫ്രാന്‍സിസ്ക ഗിയോകോണ്‍ഡയുടെ ഭാര്യയായ ലിസ ഡെല്‍ഗിയോ കോണ്‍ഡ എന്ന സുന്ദരിയാണു മൊണാ ലിസയായി മാറിയതെന്നതിനു തെളിവുകള്‍ ജര്‍മന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പുറത്തുവിട്ടു. ഡാ വിഞ്ചിയുടെ സുഹൃത്ത് അഗ്ഗാസ്റ്റിനൊ വെസ്പുചി എഴുതിയ കുറിപ്പുകളില്‍ നിന്ന് ഈ വിശ്വാസം ശരിവയ്ക്കുന്ന തെളിവുകള്‍ കിട്ടി.
ലിസ ഡെല്‍ഗിയോയാണ് മൊണാ ലിസ എന്നതു ഒരു പുതിയ കണ്ടെത്തലല്ല. ഡാ വിഞ്ചിയുടെ മരണത്തിനു ശേഷം 31 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെക്കുറിച്ചെഴുതപ്പെട്ട ജീവചരിത്രക്കുറിപ്പുകളില്‍ തന്നെ ഈ കഥ പറഞ്ഞിരുന്നു. ലോകത്തില്‍ ഏറ്റവും പ്രശസ്തി പിടിച്ചു പറ്റിയ മോഡലായി ഇവര്‍ നേരത്തെ തന്നെ അറിയപ്പെടുന്നു. ഫ്രാന്‍സിസ്കോ ഗിയോകോണ്‍ഡ എന്ന വ്യാപാരിയുടെ മൂന്നാം ഭാര്യയായിരുന്നു ലിസ. അദ്ദേഹത്തിന്റെ മൂന്നാം ഭാര്യയായിരുന്നു അവള്‍. ലിസയെക്കാളും 19 വയസിന്റെ പ്രായക്കൂടുതലുണ്ടായിരുന്നു ഫ്രാന്‍സിസ്കോയ്ക്ക്.
കലാസ്നേഹിയായ ഫ്രാന്‍സിസ്കോ തന്നെയാണ് തന്റെ ഭാര്യയുടെ ചിത്രം വരയ്ക്കാന്‍ ഡാ വിഞ്ചിയെ ഏര്‍പ്പെടുത്തിയത്. എന്നാല്‍, പറഞ്ഞ സമയത്തിനുള്ളില്‍ ചിത്രത്തിന്റെ രചന പൂര്‍ത്തിയാക്കാന്‍ ഡാ വിഞ്ചിക്ക് സാധിച്ചില്ല. അതോടെ ഡാ വിഞ്ചിയുമായുള്ള ഇടപാട് ഫ്രാന്‍സിസ്കോ അവസാനിപ്പിച്ചു. ചിത്രം പൂര്‍ത്തിയാക്കാത്തതുകൊണ്ട് അതുവരെ അദ്ധ്വാനിച്ചതിന്റെ പ്രതിഫലവും കൊടുത്തില്ല. പൂര്‍ത്തിയാകാത്ത ചിത്രവുമായി ഡാ വിഞ്ചി മടങ്ങി.
മൊണാ ലിസ പൂര്‍ത്തിയാക്കാന്‍ ഡാ വിഞ്ചി എത്ര കാലമെടുത്തു എന്നതിനെക്കുറിച്ചു പല അഭിപ്രായങ്ങളുണ്ട്. നാലു വര്‍ഷമെന്നതാണു പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ, 1519ല്‍ മരിക്കുന്നതു വരെയും അദ്ദേഹം മൊണാ ലിസയുടെ മിനുക്കുപണികള്‍ തുടര്‍ന്നുകൊണ്ടിയിരുന്നുവെന്ന വാദവുമുണ്ട്. ഡാവിഞ്ചിക്ക് ഏറ്റവും സംതൃപ്തി നല്‍കിയ ചിത്രമായിരുന്നു മൊണാ ലിസ. തന്റെ പെയിന്റിങ്ങിനെ അദ്ദേഹം ഏറെ സ്നേഹിച്ചിരുന്നു. അദ്ദേഹം പോയ സ്ഥലത്തൊക്കെയും മൊണാ ലിസയെയും അദ്ദേഹം കൂടെ കൊണ്ടുപോയി. ലിസ എന്ന യുവതിയെ അത്രയേറെ ഡാവിഞ്ചി ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു.
മൊണാ ലിസയുടെ മുഖവും ഡാ വിഞ്ചിയുടെ മുഖവും തമ്മിലുള്ള സാദൃശ്യവും പലരു എടുത്തുകാട്ടിയിട്ടുണ്ട്. തന്നെ ഒരു സ്ത്രീയായി കണ്ട് ഡാ വിഞ്ചി സൃഷ്ടിച്ചതാണ് മൊണാ ലിസയെന്നാണ് ഇക്കൂട്ടരുടെ വാദം. അദ്ദേഹത്തിന്റെ വീട്ടു ജോലിക്കാരിയാണ് മൊണാ ലിസയായി മാറിയതെന്നും വാദങ്ങളുണ്ട്.
മൊണാ ലിസ ആരാണ് എന്നതിനപ്പുറം ആ ചിരിയുടെ നിഗൂഡതയാണ് ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു പ്രധാന കാര്യം. നിഗൂ‍ഡവും മാസ്മരികവുമായ ആ പുഞ്ചിരി ലോകം മുഴുവനുമുള്ള ആസ്വാദകരുടെ മനസില്‍ ഇപ്പോഴും വ്യക്തമായ ഉത്തരം നല്‍കാതെ ദുരൂഹതയായി തുടരുന്നു.
മൊണാലിസയുടെ ചിരിയുടെ അര്‍ഥമെന്തെന്ന ചര്‍ച്ചയ്ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പല വിചിത്രമായ വ്യാഖ്യാനങ്ങളും അതിനുണ്ട്. തന്റെ കുട്ടിയുടെ മരണത്തില്‍ വിലപിച്ചിരിക്കുന്ന സ്ത്രീയെയാണ് ഡാവിഞ്ചി വരച്ചതെന്ന് ഒരു വിഭാഗം പറയുന്നു. കാമുകനെ കാത്തിരിക്കുന്ന കാമുകിയായും പല്ലു പറിച്ചിട്ട് വേദനിച്ചിരിക്കുന്ന സ്ത്രീയായും വരെ മൊണാലിസയുടെ പുഞ്ചിരിയെ വ്യാഖ്യാനിച്ചവരുണ്ട്.

(തൊഴില്‍വീഥിയിലെ എറൌണ്ട് ദ് വേള്‍ഡ് എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)

കരയാന്‍ ഭാര്യമാര്‍ 29; പക്ഷേ...

കൃത്യം പത്തു വര്‍ഷം മുമ്പാണു ഗെന്‍ വുള്‍ഫ് മരിച്ചത്. കലിഫോര്‍ണിയയിലെ റെഡ്ലാന്‍ഡ്സിലുള്ള ഒരു നഴ്സിങ് ഹോമില്‍ വച്ച് എണ്‍പത്തിയെട്ടാം വയസിലായിരുന്നു അദ്ദേഹത്തിന്റെ മരണം. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വരുമെന്ന പ്രതീക്ഷയില്‍ നഴ്സിങ് ഹോം അധികൃതര്‍ കുറെദിവസം കാത്തു. ബന്ധുബലത്തില്‍ മറ്റാരെക്കാളും സമ്പന്നനായ മനുഷ്യന്‍. പക്ഷേ, അവര്‍ പ്രതീക്ഷിച്ചതു പോലെയൊന്നുമായിരുന്നില്ല കാര്യങ്ങള്‍. ആരും തിരിഞ്ഞുനോക്കാന്‍ ഇല്ലാതെ അനാഥമായി ആ മൃതദേഹം അവിടെ കിടന്നു. ഒടുവില്‍, നഴ്സിങ് ഹോം അധികൃതര്‍ തന്നെ മൃതദേഹം അടക്കം ചെയ്തു. ഭാര്യയുടെയും മക്കളുടെയും കണ്ണുനീരില്‍ കുതിര്‍ന്ന മണ്ണിലേക്ക് അടക്കം ചെയ്യപ്പെടുന്ന മൃതദേഹങ്ങളുടെ ഉടമകള്‍ ഭാഗ്യവാന്മാര്‍. അവരെ ഒാര്‍ക്കാന്‍ ആരെങ്കിലുമുണ്ടല്ലോ. ഗെന്‍ മരിക്കുമ്പോള്‍ സ്വാഭാവികമായും അങ്ങനെ കരയാന്‍ ബാധ്യതയുള്ളവര്‍ ഒന്നും രണ്ടുമല്ല. അവരുടെ സഖ്യം നൂറോളം വരും. നിയമപ്രകാരം 29 വിവാഹം കഴിച്ചു ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച വ്യക്തിയാണ് ഗെന്‍ വൂള്‍ഫ്. ഒരേസമയം തന്നെ അഞ്ഞൂറും ആയിരവും ഭാര്യമാരെ പോറ്റിയിരുന്ന രാജാക്കന്‍മാരുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. പതിനാറായിരത്തിലേറെ ഭാര്യമാരുണ്ടായിരുന്നല്ലോ ഭഗവാന്‍ ശ്രീകൃഷ്ണന്. പക്ഷേ, ഗെന്‍ അങ്ങനെയായിരുന്നില്ല. ഒരോ ബന്ധവും ഭാര്യയുടെ മരണം മൂലമോ വിവാഹമോചനം വഴിയോ വേര്‍പ്പെട്ട ശേഷം അടുത്ത വിവാഹം. അങ്ങനെയാണ് 88 വയസിനുള്ളില്‍ 29 പേരെ ഗെന്‍ വിവാഹം കഴിച്ചത്. മരിക്കുന്നതിനു ഒരു വര്‍ഷം മുന്‍പായിരുന്നു അവസാന വിവാഹം. ലിന്‍ഡാ എസെക്സ് എന്ന അമ്പതുകാരിയായിരുന്നു വധു. (ലിന്‍ഡായുടെ ഇരുപത്തിമൂന്നാം വിവാഹമായിരുന്നു അത്. മറ്റൊന്നു കൂടി: ഏറ്റവും കൂടുതല്‍ വിവാഹം കഴിച്ച രണ്ടാമത്തെ ആള്‍ എന്ന ഗിന്നസ് റിക്കോര്‍ഡ് ലിന്‍ഡയുടെ പേരിലാണ്) ലിന്‍ഡായുമായുള്ള വിവാഹം പക്ഷേ, ഗെന്‍ ആഗ്രഹിച്ചതായിരുന്നില്ല. ഒരു ബ്രിട്ടീഷ് ടെലിവിഷന്‍ കമ്പനിയുടെ പദ്ധതിയായിരുന്നു അത്. 28 വിവാഹം കഴിച്ച ഗെന്നിനെയും 22 വിവാഹം കഴിച്ച ലിന്‍ഡായെയും ഒരിക്കല്‍ കൂടി താലിചാര്‍ത്തിക്കുക എന്ന അവരുടെ പദ്ധതിക്ക് ഇരുവരും വഴങ്ങുകയായിരുന്നു. അതുകൊണ്ടു തന്നെ ഒരാഴ്ച ഒന്നിച്ചു താമസിച്ച ശേഷം ലിന്‍ഡാ അവരുടെ വഴിക്കു പോയി. ഗെന്നിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഇന്‍ഡ്യാനയിലെ കുടുംബവീട്ടിലായിരുന്നു ലിന്‍ഡാ. ''അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നു. അവസാനമായി ഒന്നു കാണണമെന്നും ആ മൃതദേഹം യഥാവിധം സംസ്കരിക്കണമെന്നും ആഗ്രഹമുണ്ട്. പക്ഷേ, അവിടെ വരെ പോകാനുള്ള പണം എന്റെ കയ്യിലില്ല''- ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ ലിന്‍ഡായുടെ പ്രതികരണം ഇതായിരുന്നു. 29 വിവാഹം കഴിച്ചെങ്കിലും 19 മക്കള്‍ മാത്രമായിരുന്നു ഗെന്നിനുണ്ടായിരുന്നത്. മക്കളുണ്ടാവാനുള്ള സമയം പോലും പല വിവാഹബന്ധവും നീണ്ടുനിന്നില്ല. നാലു ഭാര്യമാര്‍ മരിച്ചു. 24 ഭാര്യമാരെ വിവാഹമോചനം ചെയ്തു. അവസാന ഭാര്യയായ ലിന്‍ഡാ മരണസമയം വരെ ഗെന്നിന്റെ ഭാര്യയായി തുടരുകയു ചെയ്തു. ഗെന്‍ വൂള്‍ഫിനും ലിന്‍ഡായ്ക്കും ശേഷം ഏറ്റവും അധികം വിവാഹം കഴിച്ചതിന്റെ റിക്കോര്‍ഡ് ആരുടെ പേരിലാണെന്ന് അറിയുമോ? സാക്ഷാല്‍ ഉസാമ ബിന്‍ ലാദന്റെ പിതാവ് മുഹമ്മദ് ബിന്‍ ലാദന്‍ ആണ് ആ വ്യക്തി. ഇരുപത്തിരണ്ടു വിവാഹം കഴിച്ച മുഹമ്മദിന്റെ പത്താം വിവാഹത്തില്‍ ഉണ്ടായ മകനാണ് ഉസാമ ബിന്‍ ലാദന്‍. എണ്ണം കൊണ്ടു നാലാം സ്ഥാനത്തുള്ള മലേഷ്യക്കാരി വുക്ക് കുണ്ടറിന്റെ പേരില്‍ മറ്റൊരു റിക്കോര്‍ഡ് കൂടിയുണ്ട്. ഏറ്റവുമധികം പ്രായവ്യത്യാസമുള്ള വിവാഹം. 104 വയസുള്ളപ്പോഴാണ് കുണ്ടര്‍ മുപ്പതിമൂന്നുകാരനായ മുഹമ്മദിനെ വിവാഹം കഴിക്കുന്നത്. 71 വര്‍ഷത്തെ പ്രായവ്യത്യാസം. കഴിഞ്ഞ വര്‍ഷമായിരുന്നു അത്. വിവാഹവാര്‍ത്ത ലോകം മുഴുവനുമുള്ള പത്രങ്ങളില്‍ സ്ഥാനം പിടിച്ചുവെങ്കിലും പിന്നീട് അവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് ആരും എഴുതികണ്ടിട്ടില്ല. അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും ആരും അന്വേഷിച്ചില്ല. ആ ബന്ധം ഇപ്പോഴും തുടരുന്നുണ്ടാവുമോ? അറിയല്ല. ഉണ്ടാവട്ടെ. അങ്ങനെ ആശംസിക്കാം.

Monday, November 20, 2006

പോപ്പ് മരിച്ചു, കാമുകീ ഭര്‍ത്താവിന്റെ അടിയേറ്റ്

ഒരു സത്യം പറയട്ടെ. എനിക്കു കത്തോലിക്കാ സഭയോടു വിരോധമൊന്നുമില്ല. പിന്നെയെന്തിനാണ് ഇങ്ങനെ മാര്‍പ്പാപ്പമാരെ കുറിച്ചു അപവാദം പറഞ്ഞുപരത്തുന്നത് എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. പോപ്പ് കുഞ്ഞിനെ പ്രസവിച്ച കഥയ്ക്ക് കിട്ടിയ ആവശേകരമായ പ്രതികരണം കണ്ടപ്പോള്‍ മറ്റൊരു പോപ്പിന്റെ കഥ കൂടി പറയാമെന്നു തോന്നി. ഇതു കൂടി പറഞ്ഞിട്ട് പോപ്പുമാരെ വെറുതെ വിട്ടേക്കാം.

പത്താം നൂറ്റാണ്ടില്‍ അതായത്, എ.ഡി. 955 മുതല്‍ 964 വരെയായിരുന്നു ഈ പോപ്പിന്റെ ഭരണകാലം. യഥാര്‍ഥ പേര് ഒക്ടേവിയന്‍. റോമന്‍ ഭരണാധികാരിയായിരുന്ന അല്‍ബെറിക് എന്ന രാജാവിന്റെ മകനായിരുന്നു ഇദ്ദേഹം. രാജാവ് തന്റെ മരണസമയത്ത്, തന്റെ അവസാന ആഗ്രഹം റോമന്‍ പ്രഭുക്കന്മാരോടും ബിഷപ്പുമാരോടും അവതരിപ്പിച്ചു. അടുത്ത ഒഴിവു വരുമ്പോള്‍ തന്റെ മകനെ പോപ്പാക്കണം. സെന്റ് പീറ്റേഴ്സ് ദേവാലയത്തിലെ അള്‍ത്താരയ്ക്കു മുന്നില്‍ വച്ച് അവര്‍ പ്രതിജ്ഞ ചെയ്തു.

രാജാവ് സമാധാനത്തോടെ മരിച്ചു. പോപ് അഗപെറ്റസ് രണ്ടാമന്‍ മരിച്ചപ്പോള്‍ രാജാവിനു കൊടുത്ത വാക്ക് അവര്‍ പാലിച്ചു. അങ്ങനെ പതിനെട്ടാം വയസില്‍ പോപ്പായി തിരഞ്ഞെടുക്കപ്പെട്ട ഈ മനുഷ്യന്‍ പോപ് ജോണ്‍ പന്ത്രണ്ടാമന്‍ എന്ന പേര് സ്വീകരിച്ചു. 2000 വര്ഷ‌‍ത്തോളം പഴക്കം പറയാവുന്ന കത്തോലിക്കാ സഭ കണ്ട ഏറ്റവും മോശപ്പെട്ട പോപ്പായിരുന്നു ഇദ്ദേഹം.

ക്രൈസ്തവര്ക്കെല്ലാം മാതൃകയാകേണ്ട ഈ പോപ്പ് ആരാധിച്ചിരുന്നത് ക്രിസ്തുവിനെയായിരുന്നില്ല. റോമന്‍, ഗ്രീക്ക് ദൈവങ്ങളില്‍ വിശ്വസിച്ചിരുന്ന ഈ മനുഷ്യന്‍ വത്തിക്കാനിലെ തന്റെ കൊട്ടാരത്തില്‍ ഈ ദൈവങ്ങളുടെ വിഗ്രഹങ്ങളെ ആരാധിക്കുക പോലും ചെയ്തിരുന്നുവത്രേ. പരിശുദ്ധമായ സെന്റ് പീറ്റേഴ്സ് ദേവാലയത്തെ വേശ്യാലയമാക്കി മാറ്റിയ പോപ്പിനെക്കുറിച്ച് അന്നു തന്നെ വ്യാപകമായ പരാതിയുണ്ടായിരുന്നു. പോപ്പിന് നിരവധി രഹസ്യ കാമുകിമാര്‍ ഉണ്ടായിരുന്നതായി മറ്റു ബിഷപ്പുമാര്‍ പരാതിപ്പെട്ടു.

ഇറ്റലിയിലെ രാജാവായിരുന്ന ബെറെനഗര്‍ രണ്ടാമന്‍ പോപ്പിന്റെ അതിക്രമങ്ങള്‍തിരെ പ്രതികരിക്കുകയും അദ്ദേഹത്തിനെതിരെ യുദ്ധം ആരംഭിക്കുകയും ചെയ്തു. യുദ്ധത്തില്‍ ‍പോപ്പിന്റെ അധികാരപരിധിയിലുള്ള നിരവധി പ്രദേശങ്ങള്‍ ബെറെനഗര്‍ പിടിച്ചെടുത്തു. മാര്‍പ്പാപ്പ ജര്‍മന്‍ ചക്രവര്ത്തിയായ ഒട്ടോ ഒന്നാമന്റെ സഹായം അഭ്യര്ഥിച്ചു. അദ്ദേഹം റോമിലെത്തി ബെറെനഗറിനെതിരെ മാര്പാപ്പയെ സഹായിച്ചു. പ്രതിഫലമെന്നോണം പരിശുദ്ധമായ റോമന്‍ സാമ്രാജ്യത്തിന്റെ ചക്രവര്ത്തിയെന്ന സ്ഥാനം പോപ് ഒട്ടോ ഒന്നാമനു നല്കി. പക്ഷേ, അധികം വൈകാതെ മാര്പാപ്പയുടെ കള്ളക്കളികള്‍ ഒട്ടോ ഒന്നാമന്റെ ചെവിയിലുമെത്തി.

ഒട്ടോ ഒന്നാമന് അറുപതോളം വരുന്ന റോമന്‍, ജര്‍മന്‍ ബിഷപ്പുമാരുടെ സിനഡ് വിളിച്ചുചേര്ത്തു. എല്ലാവരും ഒരേ സ്വരത്തില്‍ പോപ്പിനെ നീക്കണമെന്ന് വാദിച്ചു. കൊലപാതകം, വ്യഭിചാരം, മദ്യപാനം, നായാട്ട് തുടങ്ങിയ നിരവധി ആരോപണങ്ങള്‍ സിനഡില്‍ ഉയര്ന്നുവന്നു. സിനഡ് ഏകകണ്ഠമായി ജോണ്‍ പന്ത്രണ്ടാമനെ മാര്പാപ്പാ സ്ഥാനത്തുനിന്നു നീക്കി. ലിയോ എട്ടാമനെ പുതിയ പോപ്പായി തിരഞ്ഞെടുത്തു.

ജോണ്‍ പന്ത്രണ്ടാമന്‍ അപ്പോഴേക്കും തന്റെ കാമുകിമാര്ക്കൊപ്പം ഒളിവില്‍ പോയിരുന്നു. അവിടെവച്ച് അദ്ദേഹത്തിന്റെ കാമുകിമാരില്‍ ഒരാളുടെ ഭര്ത്താവിന്റെ അടിയേറ്റ് അദ്ദേഹം മരിച്ചു.

കത്തോലിക്കാ സഭയുടെ വിശുദ്ധരുടെ പട്ടികയില്‍ പോപ് ജോണ്‍ പന്ത്രണ്ടാമനെ ഉള്പ്പെടുത്തിയിട്ടുണ്ട് എന്നത് വിചിത്രമായി തോന്നാം. യേശുവില്‍ വിശ്വസിച്ചതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിച്ച വിശുദ്ധനായാണ് പോപ്പിനെ സഭ കാണുന്നത്. പക്ഷേ, നിരവധി സഭാ പുസ്തകങ്ങളില്‍ പോപ്പിന്റെ കള്ളക്കളികളും അദ്ദേഹത്തെ നീക്കിയ കഥയും വിവരിച്ചിട്ടുണ്ട്.

പോപ്പ് ഒരു കുഞ്ഞിനെ പ്രസവിച്ചു. സത്യം.

ആരെങ്കിലും കേട്ടിട്ടുണ്ടോ പോപ്പ് ഒരു കുഞ്ഞിനെ പ്രസംവിച്ച കഥ. സത്യം. മാര്‍പാപ്പ ഒരു കുഞ്ഞിനെ പ്രസവിച്ചു. ചരിത്രത്തിലെ ഏക വനിതാ പോപ്പ്. ഒന്‍പതാം നൂറ്റാണ്ടിലെ കഥയാണ്. സത്യക്രിസ്ത്യാനികള്‍ പൊറുക്കുക.

ജോണ്‍ ആംഗ്ളിക്കസ്. അതായിരുന്നു അവളുടെ പേര്. ജര്മനിയിലെ മെയിന്സ് എന്ന സ്ഥലത്ത് ജനിച്ച ജോണിന്റെ യഥാര്ഥ പേര് ജൊവാന്‍ എന്നായിരുന്നു. രണ്ടു വര്ഷവും ഏഴു മാസവും നാലു ദിവസവും പോപ്പിന്റെ കസേരയില് ഇരിക്കാന് ഭാഗ്യം ലഭിച്ച വനിത. യുവതിയായിരിക്കെ അവള് ജന്മനാട് വിട്ടു. പുരുഷവേഷം കെട്ടി നടന്നത് മറ്റാരും തന്നെ തിരിച്ചറിയാതിരിക്കാനായിരുന്നു. ഏതന്സിലേക്കായിരുന്നു ആദ്യ യാത്ര. അവിടെ കുറച്ചുനാള് ഒരു പ്രമുഖ ചിന്തകന്റെ ശിഷ്യനായി ജീവിച്ചു.പിന്നീട് ജോവാന്‍ റോമിലേക്ക് പോയി. സന്യാസിയെ പോലെ ജീവിച്ചു തുടങ്ങി. അക്കാലത്ത്, ജോവാന്‍ ക്രൈസ്തവ വിശ്വാസം സ്വീകരിക്കുകയും പരസ്യമായി സുവിശേഷം പ്രസംഗിക്കുകയും ചെയ്തു തുടങ്ങി.

വൈകാതെ, കുറെയധികം ശിഷ്യന്മാരെ കിട്ടി. അവരെല്ലാം ജോവാന്റെ കഴിവിനെയും പ്രസംഗപാടവത്തെയും സ്തുതിച്ചു. വൈകാതെ, റോമില്‍ മുഴുവനും ജോവാന്റെ മഹത്വം പ്രചരിച്ചു.ബെനഡിക്ട് മൂന്നാമന്‍ മാര്‍പാപ്പ മരിച്ചപ്പോള്‍ ഏകകണ്ഠമായി ജോവാന്‍ പുതിയ പോപ്പായി തിരഞ്ഞെടുക്കപ്പെട്ടു. കാലം അങ്ങനെ കടന്നു പോയി. ഇതിനിടയ്ക്ക വത്തിക്കാനിലെ മാര്‍പാപ്പയുടെ സേവകരില്‍ ആരെങ്കിലും സത്യം അറിഞ്ഞിരിക്കണം- പോപ്പ് ഗര്‍ഭിണിയായി. ആരും അറിയാതിരിക്കാന്‍ പോപ്പ് പരമാവധി ശ്രമിച്ചു.

ഏതായാലും, ഒരു ഈസ്റ്റര് ദിനത്തില്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തിലൂടെ നടന്ന പ്രദക്ഷിണത്തിനിടെ പോപ് കുതിരപ്പുറത്തുനിന്നു തലകറങ്ങി വീണു. അവിടെ കിടന്ന് ഒരു കുഞ്ഞിനെ പ്രസവിച്ചു.

ക്ഷുഭിതരായ ജനക്കൂട്ടം അപ്പോള്‍ തന്നെ അവരെ കല്ലെറിഞ്ഞുകൊന്നു. അവിടെത്തന്നെ അവരെ സംസ്കരിക്കുകയും ചെയ്തു.വത്തിക്കാനിലെ ഔദ്യോഗിക പട്ടികയില് പോപ് ജോവാന്റെ പേര് ഉള്പ്പെടുത്തിയിട്ടില്ല. ബെനഡിക്ട് മൂന്നാമന്റെ പേരിനു ശേഷം നിക്കോളാസ് ഒന്നാമന്‍ എന്നാണു കാണുന്നത്. അങ്ങനെയൊരു സംഭവമേ ഇല്ലെന്നും ഇതൊരു കള്ളമാണെന്നും സഭ പറയുന്നു.

അറിയില്ല. സത്യമോ മിഥ്യയോ എന്ന്. രേഖപ്പെടുത്തി വയ്ക്കുന്ന കള്ളങ്ങളാണല്ലോ ചരിത്രമായി മാറുന്നത്.

കരയാനറിയാത്ത ദൈവങ്ങളേ...

ചന്ദ്രമതി എന്ന സാധുസ്ത്രീയുടെ കഥയാണ് പറയാനൊരുങ്ങുന്നത്. കുട്ടികളുണ്ടാകാത്തതിന്റെ പേരില്‍ സ്വന്തം ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട ചന്ദ്രമതിത്തമ്പുരാട്ടിയുടെ കഥ.ഭര്‍ത്താവിന്റെ പേരു പറഞ്ഞാല്‍ നിങ്ങളറിയും. നിങ്ങളല്ല സകല മലയാളികളും അറിയും. വയലാര്‍ രാമവര്‍മ. മലയാളത്തിന്റെ പ്രിയകവി.

ചന്ദ്രമതിയമ്മയെ ഇപ്പോളോര്‍ക്കാന്‍ രണ്ടു കാര്യങ്ങളുണ്ട്. കവിയുടെ മകന്‍ ശരത് ചന്ദ്ര വര്‍മയുടെ ഒരു അഭിമുഖം വായിച്ചപ്പോള്‍ ചന്ദ്രമതിയമ്മയുടെ കാര്യം പരാമര്‍ശിച്ചുകണ്ടതാണ് അതിലൊന്ന്. രണ്ടാമതായി, വയലാറിന്റെ ചമരവാര്‍ഷികം അടുത്തു എന്നറിഞ്ഞപ്പോള്‍.

വയലാറിന്റെ രണ്ടാം ഭാര്യ ഭാരതിത്തമ്പുരാട്ടിയുടെ ഇന്ദ്രധനുസ്സിന്‍ തീരത്ത് എന്ന ആത്മകഥ വായിച്ചപ്പോഴാണ് ചന്ദ്രമതിയമ്മയെ ഞാന്‍ അടുത്തറിയുന്നത്. കണ്ണു തുറക്കാത്ത, കരയാനറിയാത്ത, ചിരിക്കാനറിയാത്ത കളിമണ്‍ പ്രതിമകളെന്നു ദൈവങ്ങളെ വിളിച്ച കവി തന്റെ ഭാര്യയുടെ കണ്ണീര് മാത്രം കണ്ടില്ലെല്ലോ എന്ന് അന്ന് തോന്നി. അതോ, കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചതോ.

വയലാറിന് അമ്മ എല്ലാമെല്ലാമായിരുന്നു. അമ്മയ്ക്കാണെങ്കില്‍ മകനോടു ഒരുതരം ഭ്രാന്തമായ സ്നേഹം. സ്നേഹം സ്വാര്‍ത്ഥതയായി മാറിയ അവസ്ഥ. അംബാലികത്തമ്പുരാട്ടി എന്നായിരുന്നു വയലാറിന്റെ അമ്മയുടെ പേര്. മകന് മൂന്നു വയസുമാത്രം പ്രായമുള്ളപ്പോള്‍ ഭര്‍ത്താവ് മരിച്ചതാണ്. അന്നു മുതല് മകനു വേണ്ടി മാത്രം ജീവിച്ചു.

വയലാര്‍ ഒരിക്കല്‍ അമ്മയെ കുറിച്ചെഴുതിയത് ഇങ്ങനെയായിരുന്നു-എന്നോടൊപ്പം വട്ടുകളിക്കാനും മാങ്ങാ എറിയാനും മണ്ണപ്പം ചുടാനും അമ്മയുണ്ടായിരുന്നു. എന്റെ കളിക്കൂട്ടുകാരിയായിരുന്നു അമ്മ.വയലാറിനു ഇരുപതു വയസുള്ളപ്പോള്‍ അമ്മ മകനു വേണ്ടി വിവാഹാലോചനകള്‍ തുടങ്ങി.

ആലോചനകള്‍ ചെന്നു നിന്നത് ചെങ്ങണ്ട കോവിലകത്തായിരുന്നു. ഉത്രം തിരുനാള്‍ രാമവര്‍മയുടെ മകള്‍ ചന്ദ്രമതി. 18 വയസ് പ്രായം. സുന്ദരി. ചെങ്ങണ്ട കോവിലകത്തുനിന്ന് ഒരു വിവാഹം വയലാറും മോഹിച്ചിരുന്നു. ചന്ദ്രികയെയായിരുന്നില്ലെന്നു മാത്രം. ചന്ദ്രമതിയുടെ ഇളയ സഹോദരി ഭാരതി. പക്ഷേ, അമ്മ തിരഞ്ഞെടുത്തതു ചന്ദ്രമതിയെയായിരുന്നു. വീട്ടിലെ മൂത്ത പെണ്‍ക്കുട്ടിയെന്ന നിലയില്‍ ചന്ദ്രമതിയുടെ വീട്ടുകാരും അതായിരുന്നു ആഗ്രഹിച്ചിരുന്നത്.

അമ്മയുടെ താത്പര്യം അനുസരിച്ച് വയലാര്‍ ചന്ദ്രമതിയെ വിവാഹം കളിച്ചു. ഏഴുവര്‍ഷം അവര്‍ ഒന്നിച്ചുജീവിച്ചു. അമ്മ പറയുന്നതു പോലെ മാത്രമേ ആ സ്ത്രീ ജീവിച്ചുള്ളു. അവര്‍ പറയുന്നതെന്തും അനുസരിച്ചു. അപ്പോഴേക്കും വയലാര്‍ അറിയപ്പെടുന്ന കവിയായിക്കഴിഞ്ഞിരുന്നു. തിരക്കോട് തിരക്ക്. എപ്പോഴും യാത്ര.

വര്‍ഷങ്ങള്‍ കടന്നുപോയി. കാത്തുകാത്തിരുന്നിട്ടും ചന്ദ്രമതി ഗര്‍ഭിണിയാകാത്തതില്‍ വയലാറിന്റെ അമ്മ അസ്വസ്ഥയായിരുന്നു. പൂജയും വഴിപാടുകളും ഏറെ നടത്തി. എന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ ചന്ദ്രമതിയെ അമ്മ തന്നെ നിര്‍ബന്ധപൂര്‍വം ഡോക്ടറുടെ അടുത്തു കൊണ്ടുപോയി. വിശദമായ പരിശോധനയ്ക്കു ശേഷം ഡോക്ടര്‍ പറഞ്ഞു- ചന്ദ്രമതിക്ക് ഒരിക്കലും അമ്മയാവാന്‍ കഴിയില്ല.

ആ അമ്മയ്ക്കു മറ്റൊന്നും ആലോചിക്കാനില്ലായിരുന്നു. ചന്ദ്രമതിയുടെ മുഖത്തു നോക്കി അവര്‍ പറഞ്ഞു- കുട്ടനുമായുള്ള (വയലാറിനെ കുട്ടനെന്നായിരുന്നു അമ്മ വിളിച്ചിരുന്നത്) വിവാഹബന്ധം ഉപേക്ഷിക്കണം.

ചന്ദ്രമതി ആദ്യമൊന്നും വഴങ്ങിയില്ല. വയലാറിന്റെ സുഹൃത്തുക്കളെ കൊണ്ടും ബന്ധുക്കളെക്കൊണ്ടുമൊക്കെ അവര്‍ ചന്ദ്രമതിയെ നിര്‍ബന്ധിപ്പിച്ചു. കരയുകയല്ലാതെ അവര്‍ മറുപടിയൊന്നും പറഞ്ഞില്ല. അമ്മയുടെ തീരുമാനത്തെ എതിര്‍ത്ത് ഒരു വാക്കുപോലും വയലാറും പറഞ്ഞില്ല. അമ്മ പുതിയൊരു മാര്‍ഗം കണ്ടെത്തി. ചന്ദ്രമതിയുടെ അനുജത്തി ഭാരതിയെ കുട്ടന്‍ വിവാഹം ചെയ്യട്ടെ. ചന്ദ്രമതിക്കു മുന്നില്‍ മറ്റു മാര്‍ഗങ്ങളില്ലായിരുന്നു. അവര്‍ കണ്ണീരോടെ കോവിലകത്തേക്കു മടങ്ങി.

ചന്ദ്രമതിയുടെ വീട്ടുകാര്‍ക്കും വയലാറിന്റെ അമ്മയുടെ തീരുമാനം ആദ്യം ഇഷ്ടമായില്ല. പക്ഷേ, ഒടുവില്‍ അവരും സമ്മതിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ച് വയലാര്‍ ഭാരതിയെ വിവാഹം കഴിച്ചു.

ചെങ്ങണ്ടയിലെ പുത്തന്‍ കോവിലകത്ത് വീട്ടിലിരുന്നു കണ്ണീരോടെ ചന്ദ്രമതി മനസുരുകി പ്രാര്‍ത്ഥിച്ചു. തന്റെ ഭര്‍ത്താവിനും അനുജത്തിക്കും വേണ്ടി. ആ പ്രാര്‍ഥന ഇപ്പോഴും തുടരുന്നു.വയലാര്‍ ചാര്‍ത്തിയ മിന്ന് വര്‍ഷങ്ങളോളം ഒരു നിധിപോലെ അവര്‍ സൂക്ഷിച്ചിരുന്നു എന്ന് എവിടെയോ വായിച്ച ഓര്‍മയുണ്ട്. തന്റെ അനുജത്തിയില്‍ ഭര്‍ത്താവിനുണ്ടായ മക്കളെ സ്വന്തം മക്കളെ എന്നപോലെ അവര്‍ സ്നേഹിച്ചു.

സഹോദരങ്ങളുടെ വീട്ടില്‍ ആറുമാസം വീതം മാറിമാറി താമസിക്കുകയായിരുന്നു അവര്‍, അടുത്തകാലം വരെയും. ഇത്രയും എഴുതിയപ്പോള്‍ ഒരു സംശയം. അവര്‍ ജീവിച്ചിരിപ്പുണ്ടോ. ആവോ അറിയില്ല.

ഞാന്‍ ഗാംഗുലി, നിങ്ങള്‍ എന്നെ മറന്നോ ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരാജയപ്പെടുമ്പോഴെല്ലാം ഞാന്‍ ഗാംഗുലിയെ ഓര്‍ക്കും. പാവം സൌരവ്. അവനായിരുന്നു നായകനെങ്കില്‍ ഒരുപക്ഷേ, ഇന്ത്യ വെസ്റ്റ് ഇന്തീസിനെ തറപറ്റിച്ചേനേ..

ഈ ചിന്ത എന്റെ മനസിലെന്നപോലെ ഇന്ത്യയിലെ നിരവധി ക്രിക്കറ്റ് പ്രേമികളുടെ മനസിലൂടെയും കടന്നുപോകുന്നുണ്ടെന്ന് ഉറപ്പ്. ഓര്‍കുഡ്.കോമിലെ ഗാംഗുലി ആരാധകരുടെ പേജിലേക്ക് ഒന്നു കടന്നുചെന്നുനോക്കിയാല്‍ ഞാനീപ്പറഞ്ഞതു ശരിയാണെന്ന് ബോധ്യമാവും.

ഗാംഗുലിയായിരുന്നുവെങ്കില്‍ ഇന്ത്യ ജയിക്കുമായിരുന്നോ? കളിച്ച എല്ലാ കളികളിലും ഇന്ത്യയെ വിജയത്തിലേക്കു നയിച്ച ക്യാംപ്റ്റനാണോ ഗാംഗുലി? അല്ല. പിന്നെയെന്തിനാണ് ഇങ്ങനെ വെറുതെ ഗാംഗുലിയെ പൊക്കുന്നതെന്നു ചിലരെങ്കിലും ചോദിച്ചേക്കാം. പറയാം.

ഒരിക്കല്‍ ഓര്‍കുഡിലെ ചര്‍ച്ചകളൊന്നില്‍ ഒരു വിരുതന്‍ എഴുതി. ആസ്ട്രേലിയന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് രഹസ്യമായി ഗ്രെഗ് ചാപ്പലെന്ന ഇന്ത്യയുടെ കോച്ചിനു പ്രതിഫലം നല്കുന്നുണ്ടത്രേ.. ഇന്ത്യയുടെ മികച്ച ടീം ആസ്ട്രേലിയയ്ക്കു ഭീഷണിയായി തീരുമെന്നു കണ്ട് ആ ടീമിനെ തകര്‍ക്കാനുള്ള അതീവ രഹസ്യവും ആസൂത്രിതവുമായ പദ്ധതി.ചാപ്പല്‍ ഇന്ത്യയുടെ കോച്ചാകാന്‍ കരാര്‍ ഒപ്പിട്ടതു തന്നെ ആദ്യഗഡു പണം കൈപ്പറ്റിയ ശേഷമായിരുന്നുവത്രേ.

രഹസ്യകരാറിനെപ്പറ്റി ഏതോ ഒരു ആസ്ട്രേലിയന്‍ പത്രത്തില്‍ വാര്‍ത്തയുമുണ്ടായിരുന്നുവെന്നും അയാള്‍ എഴുതി. ഓര്‍കുഡിലെ ഗാംഗുലി ആരാധകരെല്ലാം സകലമാന ആസ്ട്രേലിയന്‍ പത്രങ്ങളുടെയും ഓണ്‍ലൈന്‍ എഡിഷനുകള്‍ പരതി. ഞാനടക്കം. അങ്ങനൊയൊരു സംഭവമേ നടന്നിട്ടില്ലെന്നു തിരിച്ചറിയപ്പെട്ടു. സംഗതി അവിടെതീര്‍ന്നു. പക്ഷേ, പിന്നീടാലോചിച്ചപ്പോള്‍ ചാപ്പല്‍ വിരുദ്ധനായ ഏതോ കുസൃതിയുടെ ഭാവനയ്ക്കപ്പുറം അതില്‍ സത്യത്തിനു ചെറിയ സാധ്യതയുണ്ടെന്നു തോന്നി.

ചാപ്പിലെന്ന കോച്ചിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടിയല്ലേ ഇന്ത്യന്‍ ടീമിന്റെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ ടീമിന്റെ പുറത്തായത്. മോശം ഫോമിന്റെ പേരില്‍ മാത്രമായിരുന്നോ? മോശം ഫോമിന്റെ പേരില്‍ ഇന്ത്യയ്ക്ക് ഇത്രയധികം നേട്ടങ്ങള് സമ്മാനിച്ച ക്യാപ്റ്റനെ മാറ്റാമെങ്കില്‍ അതേ മാനദണ്ഡം ഇപ്പോള്‍ ടീമില്‍ തുടരുന്നവര്‍ക്കും ബാധകമല്ലേ ?തുടര്‍ച്ചയായി മോശം പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടും ഇപ്പോഴും ടീമില്‍ തുടരുന്ന വീരേന്ദ്രറിനെക്കുറിച്ച് ചാപ്പലിനെ ഉത്കണ്ഠയില്ലേ? ആണ്ടിലൊരിക്കല്‍ അടിക്കുന്ന ഒരു സെഞ്ചുറിയുടെ പേരില്‍ ടീമില്‍ സ്ഥാനം ഉറപ്പാക്കുന്ന വേറെ ഏത് കളിക്കാരനുണ്ട് ക്രിക്കറ്റ് ലോകത്ത്? സച്ചിന്‍ തെണ്ടുല്ക്കറും ക്യാപ്റ്റന്‍ ദ്രാവിഡുമല്ലാതെ സ്ഥിരമായി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വേറെ ഏത് കളിക്കാരനാണ് ഇപ്പോള്‍ ടീമിലുള്ളത് ? ഗാംഗുലി ഇല്ലെങ്കില്‍ ടീം ഇന്ത്യ തോല്ക്കുമെന്നോ എല്ലാവരെയുംകാള്‍ മികച്ചവന്‍ ഗാംഗുലിയാണെന്നോ അല്ല‌ പ‌ര‌ഞ്ഞുവ‌രുന്ന‌ത്.

ഗാംഗുലി കെട്ടിപ്പടുതെടുത്ത ടീം ഇന്ത്യയുടെ കളിക്കിടയില്‍ പരസ്യക്കാരനായി വന്ന് "എന്റെ പേര് സൌരവ് ഗാംഗുലി, എന്നെ മറന്നോ" എന്നു ഗാംഗുലി ചോദിക്കുന്നതു കാണുമ്പോള്‍ മനസില്‍ ഒരു കുറ്റബോധം. നമ്മള്‍ ആ മനുഷ്യനോട് കാണിച്ചതു ക്രൂരതയല്ലേ?..നീതിയുടെ അംശമെങ്കിലും ആ തീരുമാനത്തിലുണ്ടായിരുന്നോ? സ്റ്റീവ് വോയ്ക്ക് ആസ്ട്രേലിയന്‍ ടീം നല്കിയ വീരോചിതമായ യാത്രയയപ്പ് നമ്മള്‍ കണ്ടതല്ലേ. അങ്ങനെയൊരു യാത്രയയപ്പിനു ഗാംഗുലിക്കും അര്‍ഹതയുണ്ടായിരുന്നില്ലേ..?

അവഹേളനവും പരിഹാസവും സഹിക്കാനാവാതെ ക്രിക്കറ്റ് ജീവിതം അവസാനിപ്പിച്ചുകൂടെ എന്നു ചോദിക്കുന്നവരുമുണ്ട്. കപില് ദേവ് പോലും ഗാംഗുലിയെ ഉപദേശിച്ചത് വിരമിക്കാനാണ്. പക്ഷേ, നന്ദികേടുകള്‍ ക്രിക്കറ്റിന്റെ ഭാഗമാണെന്നു ഗാംഗുലി മനസിലാക്കുന്നു. ലോഡ്സില്‍ ഷര്‍ട്ടൂരി വീശിയ അതേ ആവേശത്തോടെ തന്റെ കഴിവ് തെളിയിച്ചുകൊടുക്കാന്‍ പാഡണിഞ്ഞ് അദ്ദേഹം ഇപ്പോഴും ക്രീസിലെത്തുന്നു. മൂന്നും നാലും നിരയിലുള്ള ജൂനിയര്‍ താരങ്ങളിലൊരാളായി ബാറ്റുവീശുന്നു. പന്തെറിയുന്നു. തമാശകള്‍ പങ്കുവയ്ക്കുന്നു. ഒരോ ക‌ളിക്കാരെയും അടുത്തുവിളിച്ച് ഉപദേശങ്ങള്‍ നല്കുന്നു. എന്നെങ്കിലുമൊരിക്കല്‍ തന്റെ ബാറ്റില്‍ നിന്ന് വീണ്ടും റണ്സുകല്‍ ഒഴുകിത്തുടങ്ങുമെന്ന പ്രതീക്ഷയോടെ..എന്തൊരു നിശ്ചയദാര്‍ഢ്യം.

ഗാംഗുലീ...നിനക്കതിന് കഴിയും. തെളിയിക്കുക. നീ ഒരു ആണത്തമുള്ളവനാണെന്ന്..

Thursday, November 09, 2006

വരൂ..സിംഹക്കൂട്ടില്‍ കയറാം

കാട്ടാനയെ മെരുക്കി നാട്ടാനയാക്കുന്നതെങ്ങനെയെന്ന് നിങ്ങള്‍ക്ക് അറിവുണ്ടാവും. എന്നാല്‍ സിംഹത്തെ മെരുക്കിയെടുക്കുന്നതെങ്ങനെയെന്നറിയാമോ ? കേട്ടുകൊള്ളുക.

ആവശ്യമുള്ള സാധനങ്ങള്

‍സിംഹം - 1
കൂട് - 1
മരക്കസേര - 8
കുന്തം - 1
മറ്റുള്ളവ - ആവശ്യാനുസരണം.

സിംഹത്തെ കൂട്ടിലാക്കി കഴിഞ്ഞാല്‍ ആദ്യം വേണ്ടത്, കാട്ടില്‍ രാജാവായി കഴിഞ്ഞ തന്നെ പിടിച്ചു കൂട്ടിലിട്ടതിന് അതിനുള്ള കോപം തീര്‍ക്കാന്‍ അവസരം കൊടുക്കുകയാണ്. ഒന്നുരണ്ടു ദിവസത്തേക്ക് അതിനെ വെറുതെ കൂട്ടില്‍ വിടും. ഈ സമയത്ത് അതിന് ഭക്ഷണം കൊടുക്കുകയില്ല. വിശപ്പും കോപവും മൂലം സിംഹം അലറിവിളിക്കും. കൂട്ടിനുള്ളില്‍ അങ്ങോട്ടുമിങ്ങോട്ടും ക്ഷുഭിതനായി ഓടി നടക്കും. നിലത്ത് മാന്തും. അഴികളില്‍ കടിക്കും. അങ്ങനെ രണ്ടു ദിവസം കഴിഞ്ഞാല്‍ അതിനു ഭക്ഷണം കൊടുക്കും. വയറുനിറച്ച് മല്‍സ്യമോ മാംസമോ കിട്ടുന്നതോടെ ആര്‍ത്തിയോടെ മറ്റൊന്നും നോക്കാതെ സിംഹം അത് കഴിച്ചുകൊണ്ടേയിരിക്കും. വയറു നിറച്ചു ഭക്ഷണം കഴിച്ച് സിംഹം ഉറങ്ങുന്നതോടെ രണ്ടാം ഘട്ടം ആരംഭിക്കുകയായി.

സിംഹം ഉറങ്ങുന്ന തക്കം നോക്കി കൂട്ടില്‍ ഒരു മരക്കസേര കൊണ്ടിടും. ഉറക്കമുണരുന്ന സമയത്ത് സിംഹം ഈ കസേര കാണും. ക്ഷോഭത്തോടെ അത് ആ കസേരയെ ആക്രമിക്കും. കടിച്ചുപറിക്കും. നഖങ്ങള്‍ അമര്‍ത്തി കാലുകള്‍ കൊണ്ട് വലിച്ചുകീറും. ആഞ്ഞടിച്ച് കസേര തകര്‍ക്കും. ഒടുവില്‍ പ്രതികാരം ചെയ്ത സംതൃപ്തിയോടെ അത് നിശ്ശബ്ദനായി കിടക്കും. സുഭിക്ഷമായി ഭക്ഷണം കഴിച്ച് സിംഹം ഉറങ്ങുമ്പോള്‍ വീണ്ടും ഒരു മരക്കസേര കൊണ്ടിടും. സിംഹം പഴയതുപോലെ കസേരയെ ആക്രമിക്കും. ഇങ്ങനെ ഒരാഴ്ച കഴിയുമ്പോള്‍ താന്‍ ആക്രമിക്കുന്നത് തിരിച്ചാക്രമിക്കാത്ത എന്തോ ഒന്നിനെയാണെന്നും തന്റെ ശക്തി ക്ഷയിക്കുന്നതല്ലാതെ മറ്റു ഗുണമെന്നുമില്ലെന്നും അതിനു മനസിലാകും. ഇതോടെ മെരുക്കലിന്റെ മൂന്നാം ഘട്ടം ആരംഭിക്കുകയായി.

രാത്രിഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി കൊടുത്ത് സിംഹത്തെ ഉറക്കുകയാണ് ആദ്യ ജോലി. സിംഹം ഉറക്കം തുടങ്ങിക്കഴിയുമ്പോള്‍ പരിശീലകന്‍ കൂടിനകത്തു കയറും. സിംഹത്തിന്റെ കാല്‍ കൂടിന്റെ അഴിയോടു ചേര്‍ത്ത് ചങ്ങലകൊണ്ട് ബന്ധിക്കും. എന്നിട്ട് കൂട്ടില്‍ ഒരു കസേരയിട്ട് അതിലിരിക്കും. ഉറക്കമുണരുന്ന സിംഹം കൂട്ടില്‍ ഒരു മനുഷ്യനെ കാണുന്നതോടെ ഗര്‍ജ്ജിച്ചുകൊണ്ട് ചാടിവീഴും. പക്ഷേ, ചങ്ങലയാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നതിനാല്‍ അതിന് അയാളുടെ അടുത്ത് എത്താനാവില്ല. തന്നാലാവുന്ന വിധത്തില്‍ എത്തിപ്പിടിക്കാന്‍ ശ്രമിച്ച്, പരാജിതനായി സിംഹം ആക്രമണം അവസാനിപ്പിക്കും. ഇങ്ങനെ നാലോ അഞ്ചോ ദിവസം കടന്നുപോകുന്നതോടെ അവസാന ഘട്ടമെത്തി.

സിംഹത്തിന്റെ പരിശീലകനാകാന്‍ തയാറെടുത്തിരിക്കുന്ന വ്യക്തിയുടെ ധൈര്യവും കഴിവും അളക്കപ്പെടുന്നത് ഈ ഘട്ടത്തിലാണ്. മയക്കുമരുന്ന് കൊടുത്തശേഷം കൂട്ടിനുള്ളില്‍ കയറി കസേരയിലിരിക്കുന്ന പരിശീലകന്‍ ഇത്തവണ സിംഹത്തിനു ചങ്ങലയിടില്ല. പകരം കയ്യില്‍ മൂര്‍ച്ഛയുള്ള ഒരു കുന്തം കരുതിയിരിക്കും. കൂടാതെ സിംഹത്തിന്റെ മാന്തു കൊള്ളാതിരിക്കാന്‍ കഴുത്തില്‍ തുകല്‍ക്കൊണ്ടുള്ള തടിച്ച പട്ടയും കൈകളില്‍ വൈക്കോലും ചുറ്റിയിരിക്കും. പതിവുപോലെ സിംഹം ഉറക്കമുണര്‍ന്നു ചാടിവീഴും. മരക്കസേര പരിചയാക്കിയും കുന്തം ആയുധമാക്കിയും അയാള്‍ സിംഹത്തെ നേരിടും. നിരവധി തവണ സിംഹത്തിന് കുത്തുകൊള്ളും. രക്തം വാര്‍ന്നൊഴുകും. ഇങ്ങനെയും കുറെ ദിവസങ്ങള്‍ കഴിയുന്നതോടെ പരിശീലകനായ മനുഷ്യനോട് അടക്കാനാവാത്ത ശത്രുത തോന്നുമെങ്കിലും അയാള്‍ തന്റെ യജമാനനാണെന്ന് സിംഹത്തിനു മനസിലാകും. ഇതോടെ സിംഹത്തെ മെരുക്കുന്നതിന്റെ ആദ്യ ഭാഗം പൂര്‍ത്തിയാകും.

ഇനിയുള്ളത് അതിനെ അഭ്യാസങ്ങള്‍ പരിശീലിപ്പിക്കുന്നതും മറ്റു മനുഷ്യരുമായി ഇണക്കുന്നതുമായ ജോലികളാണ്.

അത് മറ്റൊരിക്കലാവട്ടെ...