Sunday, April 20, 2008

വീണ്ടും ലിസ, മൊണാ ലിസ

'അവിശ്വസനീയമായതു സംഭവിച്ചു; മൊണാലിസ മോഷ്ടിക്കപ്പെട്ടു'
പാരീസിലെ നാഷനല്‍ ആര്‍ട്ട് ഗാലറിയില്‍ നിന്ന് 1911ല്‍ മൊണാലിസ എന്ന വിശ്വവിഖ്യാത പെയിന്റിങ് മോഷ്ടിക്കപ്പെട്ടപ്പോള്‍ വിദേശമാധ്യമങ്ങള്‍ ആ വാര്‍ത്തയ്ക്കു തലക്കെട്ടിട്ടത് ഇത്തരത്തിലായിരുന്നു.
ലാ ജൊക്കൊന്തെ എന്ന് ഫ്രഞ്ചുകാരും ലാ ജിയോകൊന്തെ എന്നു ഇറ്റലിക്കാരും വിളിക്കുന്ന മൊണാ ലിസയ്ക്കു വെറുമൊരു പെയിന്റിങ്ങിനുള്ളതിനെക്കാള്‍ വലിയ സ്ഥാനം ജനഹൃദയങ്ങളിലുണ്ടായിരുന്നു. അതു നഷ്ടപ്പെടുന്നതിനെക്കുറിച്ച് അവര്‍ക്കു ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല. രണ്ടു വര്‍ഷത്തിനു ശേഷം ഫ്ളോറന്‍സിലെ ഒരു ഹോട്ടല്‍മുറിയില്‍ നിന്ന് ചിത്രം കണ്ടുകിട്ടുന്നതു വരെ മൊണാ ലിസ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി.
അഞ്ചു നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇറ്റാലിയന്‍ നവോത്ഥാനകാലത്തെ പ്രമുഖ ചിത്രകാരന്‍ ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ ഈ പ്രസിദ്ധ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും വിലയിരുത്തലുകളും അവസാനിച്ചിട്ടില്ല. മൊണാ ലിസയുമായി ബന്ധപ്പെട്ട് വാര്‍ത്തകളും പഠനങ്ങളും ഇടയ്ക്കിടെ പുറത്തുവന്നു കൊണ്ടേയിരിക്കും; ഡാ വിഞ്ചിയുടെ മൊണാ ലിസ ആരായിരുന്നു, എന്തിനാണ് അവര്‍ ചിരിക്കുന്നത് തുടങ്ങിയ സംശയങ്ങള്‍ക്ക് ഉത്തരങ്ങളുമായി.
അത്തരത്തില്‍ പുതിയതാണ് കഴിഞ്ഞ ആഴ്ച ലണ്ടനില്‍ നിന്നു വന്നത്.
ഫ്ലോറെന്‍ഡയിലെ ഒരു വ്യാപാരിയായ ഫ്രാന്‍സിസ്ക ഗിയോകോണ്‍ഡയുടെ ഭാര്യയായ ലിസ ഡെല്‍ഗിയോ കോണ്‍ഡ എന്ന സുന്ദരിയാണു മൊണാ ലിസയായി മാറിയതെന്നതിനു തെളിവുകള്‍ ജര്‍മന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പുറത്തുവിട്ടു. ഡാ വിഞ്ചിയുടെ സുഹൃത്ത് അഗ്ഗാസ്റ്റിനൊ വെസ്പുചി എഴുതിയ കുറിപ്പുകളില്‍ നിന്ന് ഈ വിശ്വാസം ശരിവയ്ക്കുന്ന തെളിവുകള്‍ കിട്ടി.
ലിസ ഡെല്‍ഗിയോയാണ് മൊണാ ലിസ എന്നതു ഒരു പുതിയ കണ്ടെത്തലല്ല. ഡാ വിഞ്ചിയുടെ മരണത്തിനു ശേഷം 31 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെക്കുറിച്ചെഴുതപ്പെട്ട ജീവചരിത്രക്കുറിപ്പുകളില്‍ തന്നെ ഈ കഥ പറഞ്ഞിരുന്നു. ലോകത്തില്‍ ഏറ്റവും പ്രശസ്തി പിടിച്ചു പറ്റിയ മോഡലായി ഇവര്‍ നേരത്തെ തന്നെ അറിയപ്പെടുന്നു. ഫ്രാന്‍സിസ്കോ ഗിയോകോണ്‍ഡ എന്ന വ്യാപാരിയുടെ മൂന്നാം ഭാര്യയായിരുന്നു ലിസ. അദ്ദേഹത്തിന്റെ മൂന്നാം ഭാര്യയായിരുന്നു അവള്‍. ലിസയെക്കാളും 19 വയസിന്റെ പ്രായക്കൂടുതലുണ്ടായിരുന്നു ഫ്രാന്‍സിസ്കോയ്ക്ക്.
കലാസ്നേഹിയായ ഫ്രാന്‍സിസ്കോ തന്നെയാണ് തന്റെ ഭാര്യയുടെ ചിത്രം വരയ്ക്കാന്‍ ഡാ വിഞ്ചിയെ ഏര്‍പ്പെടുത്തിയത്. എന്നാല്‍, പറഞ്ഞ സമയത്തിനുള്ളില്‍ ചിത്രത്തിന്റെ രചന പൂര്‍ത്തിയാക്കാന്‍ ഡാ വിഞ്ചിക്ക് സാധിച്ചില്ല. അതോടെ ഡാ വിഞ്ചിയുമായുള്ള ഇടപാട് ഫ്രാന്‍സിസ്കോ അവസാനിപ്പിച്ചു. ചിത്രം പൂര്‍ത്തിയാക്കാത്തതുകൊണ്ട് അതുവരെ അദ്ധ്വാനിച്ചതിന്റെ പ്രതിഫലവും കൊടുത്തില്ല. പൂര്‍ത്തിയാകാത്ത ചിത്രവുമായി ഡാ വിഞ്ചി മടങ്ങി.
മൊണാ ലിസ പൂര്‍ത്തിയാക്കാന്‍ ഡാ വിഞ്ചി എത്ര കാലമെടുത്തു എന്നതിനെക്കുറിച്ചു പല അഭിപ്രായങ്ങളുണ്ട്. നാലു വര്‍ഷമെന്നതാണു പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ, 1519ല്‍ മരിക്കുന്നതു വരെയും അദ്ദേഹം മൊണാ ലിസയുടെ മിനുക്കുപണികള്‍ തുടര്‍ന്നുകൊണ്ടിയിരുന്നുവെന്ന വാദവുമുണ്ട്. ഡാവിഞ്ചിക്ക് ഏറ്റവും സംതൃപ്തി നല്‍കിയ ചിത്രമായിരുന്നു മൊണാ ലിസ. തന്റെ പെയിന്റിങ്ങിനെ അദ്ദേഹം ഏറെ സ്നേഹിച്ചിരുന്നു. അദ്ദേഹം പോയ സ്ഥലത്തൊക്കെയും മൊണാ ലിസയെയും അദ്ദേഹം കൂടെ കൊണ്ടുപോയി. ലിസ എന്ന യുവതിയെ അത്രയേറെ ഡാവിഞ്ചി ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു.
മൊണാ ലിസയുടെ മുഖവും ഡാ വിഞ്ചിയുടെ മുഖവും തമ്മിലുള്ള സാദൃശ്യവും പലരു എടുത്തുകാട്ടിയിട്ടുണ്ട്. തന്നെ ഒരു സ്ത്രീയായി കണ്ട് ഡാ വിഞ്ചി സൃഷ്ടിച്ചതാണ് മൊണാ ലിസയെന്നാണ് ഇക്കൂട്ടരുടെ വാദം. അദ്ദേഹത്തിന്റെ വീട്ടു ജോലിക്കാരിയാണ് മൊണാ ലിസയായി മാറിയതെന്നും വാദങ്ങളുണ്ട്.
മൊണാ ലിസ ആരാണ് എന്നതിനപ്പുറം ആ ചിരിയുടെ നിഗൂഡതയാണ് ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു പ്രധാന കാര്യം. നിഗൂ‍ഡവും മാസ്മരികവുമായ ആ പുഞ്ചിരി ലോകം മുഴുവനുമുള്ള ആസ്വാദകരുടെ മനസില്‍ ഇപ്പോഴും വ്യക്തമായ ഉത്തരം നല്‍കാതെ ദുരൂഹതയായി തുടരുന്നു.
മൊണാലിസയുടെ ചിരിയുടെ അര്‍ഥമെന്തെന്ന ചര്‍ച്ചയ്ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പല വിചിത്രമായ വ്യാഖ്യാനങ്ങളും അതിനുണ്ട്. തന്റെ കുട്ടിയുടെ മരണത്തില്‍ വിലപിച്ചിരിക്കുന്ന സ്ത്രീയെയാണ് ഡാവിഞ്ചി വരച്ചതെന്ന് ഒരു വിഭാഗം പറയുന്നു. കാമുകനെ കാത്തിരിക്കുന്ന കാമുകിയായും പല്ലു പറിച്ചിട്ട് വേദനിച്ചിരിക്കുന്ന സ്ത്രീയായും വരെ മൊണാലിസയുടെ പുഞ്ചിരിയെ വ്യാഖ്യാനിച്ചവരുണ്ട്.

(തൊഴില്‍വീഥിയിലെ എറൌണ്ട് ദ് വേള്‍ഡ് എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)

1 comment:

manu said...

തൊഴില്‍വീഥിയില്‍ വരുന്ന എന്റെ 'എറൌണ്ട് ദ് വേള്‍ഡ്' എന്ന കോളത്തിനു വേണ്ടി എഴുതിയതാണ് ഈ മൊണാലിസയുടെ കഥ