Sunday, April 20, 2008
കരയാന്‍ ഭാര്യമാര്‍ 29; പക്ഷേ...
കൃത്യം പത്തു വര്‍ഷം മുമ്പാണു ഗെന്‍ വുള്‍ഫ് മരിച്ചത്. കലിഫോര്‍ണിയയിലെ റെഡ്ലാന്‍ഡ്സിലുള്ള ഒരു നഴ്സിങ് ഹോമില്‍ വച്ച് എണ്‍പത്തിയെട്ടാം വയസിലായിരുന്നു അദ്ദേഹത്തിന്റെ മരണം. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വരുമെന്ന പ്രതീക്ഷയില്‍ നഴ്സിങ് ഹോം അധികൃതര്‍ കുറെദിവസം കാത്തു. ബന്ധുബലത്തില്‍ മറ്റാരെക്കാളും സമ്പന്നനായ മനുഷ്യന്. പക്ഷേ, അവര്‍ പ്രതീക്ഷിച്ചതു പോലെയൊന്നുമായിരുന്നില്ല കാര്യങ്ങള്‍. ആരും തിരിഞ്ഞുനോക്കാന്‍ ഇല്ലാതെ അനാഥമായി ആ മൃതദേഹം അവിടെ കിടന്നു. ഒടുവില്‍, നഴ്സിങ് ഹോം അധികൃതര്‍ തന്നെ മൃതദേഹം അടക്കം ചെയ്തു. ഭാര്യയുടെയും മക്കളുടെയും കണ്ണുനീരില്‍ കുതിര്‍ന്ന മണ്ണിലേക്ക് അടക്കം ചെയ്യപ്പെടുന്ന മൃതദേഹങ്ങളുടെ ഉടമകള്‍ ഭാഗ്യവാന്മാര്. അവരെ ഒാര്ക്കാന് ആരെങ്കിലുമുണ്ടല്ലോ. ഗെന്‍ മരിക്കുമ്പോള്‍ സ്വാഭാവികമായും അങ്ങനെ കരയാന്‍ ബാധ്യതയുള്ളവര്‍ ഒന്നും രണ്ടുമല്ല. അവരുടെ സഖ്യം നൂറോളം വരും. നിയമപ്രകാരം 29 വിവാഹം കഴിച്ചു ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച വ്യക്തിയാണ് ഗെന്‍ വൂള്‍ഫ്. ഒരേസമയം തന്നെ അഞ്ഞൂറും ആയിരവും ഭാര്യമാരെ പോറ്റിയിരുന്ന രാജാക്കന്മാരുടെ കഥകള്‍ നമ്മള് കേട്ടിട്ടുണ്ട്. പതിനാറായിരത്തിലേറെ ഭാര്യമാരുണ്ടായിരുന്നല്ലോ ഭഗവാന് ശ്രീകൃഷ്ണന്. പക്ഷേ, ഗെന്‍ അങ്ങനെയായിരുന്നില്ല. ഒരോ ബന്ധവും ഭാര്യയുടെ മരണം മൂലമോ വിവാഹമോചനം വഴിയോ വേര്‍പ്പെട്ട ശേഷം അടുത്ത വിവാഹം. അങ്ങനെയാണ് 88 വയസിനുള്ളില്‍ 29 പേരെ ഗെന്‍ വിവാഹം കഴിച്ചത്. മരിക്കുന്നതിനു ഒരു വര്‍ഷം മുന്‍പായിരുന്നു അവസാന വിവാഹം. ലിന്‍ഡാ എസെക്സ് എന്ന അമ്പതുകാരിയായിരുന്നു വധു. (ലിന്‍ഡായുടെ ഇരുപത്തിമൂന്നാം വിവാഹമായിരുന്നു അത്. മറ്റൊന്നു കൂടി: ഏറ്റവും കൂടുതല്‍ വിവാഹം കഴിച്ച രണ്ടാമത്തെ ആള് എന്ന ഗിന്നസ് റിക്കോര്‍ഡ് ലിന്‍ഡയുടെ പേരിലാണ്) ലിന്‍ഡായുമായുള്ള വിവാഹം പക്ഷേ, ഗെന്‍ ആഗ്രഹിച്ചതായിരുന്നില്ല. ഒരു ബ്രിട്ടീഷ് ടെലിവിഷന്‍ കമ്പനിയുടെ പദ്ധതിയായിരുന്നു അത്. 28 വിവാഹം കഴിച്ച ഗെന്നിനെയും 22 വിവാഹം കഴിച്ച ലിന്‍ഡായെയും ഒരിക്കല്‍ കൂടി താലിചാര്‍ത്തിക്കുക എന്ന അവരുടെ പദ്ധതിക്ക് ഇരുവരും വഴങ്ങുകയായിരുന്നു. അതുകൊണ്ടു തന്നെ ഒരാഴ്ച ഒന്നിച്ചു താമസിച്ച ശേഷം ലിന്‍ഡാ അവരുടെ വഴിക്കു പോയി. ഗെന്നിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഇന്‍ഡ്യാനയിലെ കുടുംബവീട്ടിലായിരുന്നു ലിന്‍ഡാ. ''അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നു. അവസാനമായി ഒന്നു കാണണമെന്നും ആ മൃതദേഹം യഥാവിധം സംസ്കരിക്കണമെന്നും ആഗ്രഹമുണ്ട്. പക്ഷേ, അവിടെ വരെ പോകാനുള്ള പണം എന്റെ കയ്യിലില്ല''- ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ ലിന്‍ഡായുടെ പ്രതികരണം ഇതായിരുന്നു. 29 വിവാഹം കഴിച്ചെങ്കിലും 19 മക്കള്‍ മാത്രമായിരുന്നു ഗെന്നിനുണ്ടായിരുന്നത്. മക്കളുണ്ടാവാനുള്ള സമയം പോലും പല വിവാഹബന്ധവും നീണ്ടുനിന്നില്ല. നാലു ഭാര്യമാര്‍ മരിച്ചു. 24 ഭാര്യമാരെ വിവാഹമോചനം ചെയ്തു. അവസാന ഭാര്യയായ ലിന്‍ഡാ മരണസമയം വരെ ഗെന്നിന്റെ ഭാര്യയായി തുടരുകയു ചെയ്തു. ഗെന്‍ വൂള്‍ഫിനും ലിന്‍ഡായ്ക്കും ശേഷം ഏറ്റവും അധികം വിവാഹം കഴിച്ചതിന്റെ റിക്കോര്‍ഡ് ആരുടെ പേരിലാണെന്ന് അറിയുമോ? സാക്ഷാല്‍ ഉസാമ ബിന്‍ ലാദന്റെ പിതാവ് മുഹമ്മദ് ബിന്‍ ലാദന് ആണ് ആ വ്യക്തി. ഇരുപത്തിരണ്ടു വിവാഹം കഴിച്ച മുഹമ്മദിന്റെ പത്താം വിവാഹത്തില്‍ ഉണ്ടായ മകനാണ് ഉസാമ ബിന്‍ ലാദന്. എണ്ണം കൊണ്ടു നാലാം സ്ഥാനത്തുള്ള മലേഷ്യക്കാരി വുക്ക് കുണ്ടറിന്റെ പേരില്‍ മറ്റൊരു റിക്കോര്‍ഡ് കൂടിയുണ്ട്. ഏറ്റവുമധികം പ്രായവ്യത്യാസമുള്ള വിവാഹം. 104 വയസുള്ളപ്പോഴാണ് കുണ്ടര് മുപ്പതിമൂന്നുകാരനായ മുഹമ്മദിനെ വിവാഹം കഴിക്കുന്നത്. 71 വര്‍ഷത്തെ പ്രായവ്യത്യാസം. കഴിഞ്ഞ വര്‍ഷമായിരുന്നു അത്. വിവാഹവാര്‍ത്ത ലോകം മുഴുവനുമുള്ള പത്രങ്ങളില്‍ സ്ഥാനം പിടിച്ചുവെങ്കിലും പിന്നീട് അവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് ആരും എഴുതികണ്ടിട്ടില്ല. അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും ആരും അന്വേഷിച്ചില്ല. ആ ബന്ധം ഇപ്പോഴും തുടരുന്നുണ്ടാവുമോ? അറിയല്ല. ഉണ്ടാവട്ടെ. അങ്ങനെ ആശംസിക്കാം.
Subscribe to:
Post Comments (Atom)
3 comments:
ഒരേസമയം തന്നെ അഞ്ഞൂറും ആയിരവും ഭാര്യമാരെ പോറ്റിയിരുന്ന രാജാക്കന്മാരുടെ കഥകള്‍ നമ്മള് കേട്ടിട്ടുണ്ട്. പതിനാറായിരത്തിലേറെ ഭാര്യമാരുണ്ടായിരുന്നല്ലോ ഭഗവാന് ശ്രീകൃഷ്ണന്. പക്ഷേ, ഗെന്‍ അങ്ങനെയായിരുന്നില്ല.
നമ്മുടെ മുമ്പില്‍ ഒളിച്ചുകളിക്കുന്ന അറിവുകളെപ്പറ്റിയുള്ള അറിയിക്കലുകള്‍ ഇനിയും പ്രതീക്ഷിക്കുന്നു.
പക്ഷേ ഇതിന്റെ ഇടയില്‍ താങ്കള്‍ വിട്ടു പോയ ഒരു വ്യക്തിയുണ്ട്. ആഫ്രിക്കന്‍ രാജ്യമായ സ്വാസിലാന്‍ഡിലെ രാജാവ് സ്വാത്തി രണ്ടാമന്, രണ്ടു വര്‍ഷം മുന്‍പ് 35 കാരനായ അദ്ദേഹത്തെ പറ്റി ഞാന്‍ കേള്‍ക്കുന്ന സമയത്ത് ആള്‍ക്ക് 20 ഓളം ഭാര്യമാരുണ്ടായിരുന്നു.....
Post a Comment