Thursday, October 21, 2010

ഇ-മെയിലില്‍ വരുന്ന മഹാത്ഭുതങ്ങള്‍


അത്ഭുതം. മഹാത്ഭുതം !!
മനോരമ ഒാണ്‍ലൈനില്‍ വരുന്ന ധ്യാനചിന്തകള്‍ വായിച്ച ഒരാളുടെ കംപ്യൂട്ടറിനെ ബാധിച്ചിരുന്ന വൈറസുകള്‍ പെട്ടെന്ന് ഇല്ലാതായി. ! വേറൊരാളുടെ കംപ്യൂട്ടറിന്റെ സ്ക്രീന്‍ സേവറിലെ യേശുക്രിസ്തുവിന്റെ ചിത്രത്തില്‍ നിന്ന് രക്തമൊഴുകുന്നു. ആ രക്തം തൊട്ടവരുടെയെല്ലാം രോഗങ്ങള്‍ മാറുന്നു !! ധ്യാനചിന്തകള്‍ വായിക്കാന്‍ വിസമ്മതിച്ച ഒരാളുടെ ഹാര്‍ഡ് ഡിസ്ക് ഇടിവെട്ടേറ്റ് തകര്‍ന്നു !!! വേറൊരാളുടെ കംപ്യൂട്ടര്‍ ഒരു ആന്റിവൈറസിനും രക്ഷിക്കാനാവാത്ത വിധം പുതിയ വൈറസുകള്‍ കയറി പാടെ നശിച്ചു !!!! അധികം വൈകാതെ ഇൌ മട്ടിലൊരു ഇ-മെയില്‍ നിങ്ങള്‍ക്കു വന്നെന്നിരിക്കാം; അത് പത്തു പേര്‍ക്ക് ഫോര്‍വേഡ് ചെയ്താല്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ വലിയൊരു അത്ഭുതം നിങ്ങളുടെ ജീവിതത്തിലും നടക്കും എന്നൊരു അടിക്കുറിപ്പോടെ. ഇ-മെയില്‍ ഫോര്‍വേഡ് ചെയ്യാതിരിക്കുകയോ ഡിലേറ്റ് ചെയ്യുകയോ ചെയ്താല്‍ നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കാന്‍ പോകുന്ന ദുരന്തത്തെക്കുറിച്ചുള്ള ഭീഷണിയും അടിക്കുറിപ്പിനൊപ്പം കാണും. കിട്ടിയാല്‍ കിട്ടി. പോയാല്‍ പോയി. എന്തിനു വെറുതെ ഭാഗ്യം പരീക്ഷിക്കണം എന്നു കരുതി അത് പലരും ഫോര്‍വേഡ് ചെയ്തുവെന്നും വരാം. കംപ്യൂട്ടറുകളും ഇ-മെയിലുമൊക്കെ വരുന്നതിനു മുന്‍പും ഇത്തരം തട്ടിപ്പുകളുണ്ടായിരുന്നു. ആളുകളെ വിഡ്ഢികളാക്കുന്ന ചില നമ്പരുകള്‍ ! വേളാങ്കണ്ണിയില്‍ മഹാത്ഭുതം എന്ന മട്ടിലുള്ള തലക്കെട്ടോടെ അച്ചടിച്ച നോട്ടീസുകള്‍ വീടുകള്‍ കയറിയിറങ്ങി വിതരണം ചെയ്തിരുന്നു ചിലര്‍. ഇൌ നോട്ടീസിന്റെ 250 കോപ്പി എടുത്ത് സൌജന്യമായി വിതരണം ചെയ്യുക. അങ്ങനെ ചെയ്ത പീരുമേട്ടിലെ ഒൌതക്കുട്ടിയുടെ കഴുത്തിലെ എട്ടുവര്‍ഷം പഴക്കമുള്ള മുഴ മാറി, തൃശൂരിലെ മറിയ ഇതിന്റെ 100 കോപ്പികള്‍ എടുത്ത് വിതരണം ചെയ്തു, അവരുടെ മകള്‍ക്ക് ഗള്‍ഫില്‍ ജോലി കിട്ടി. നോട്ടീസ് വായിക്കാതെ കീറി കളഞ്ഞ പച്ചാളത്തെ തോമസുകുട്ടിക്ക് ഇടിവെട്ടേറ്റു. പിന്നാലെ അയാളുടെ തലയില്‍ തേങ്ങാ വീണു ! അന്ന് ഇത്തരം ഭീഷണികളും പ്രലോഭനങ്ങളും വല്ലപ്പോഴും മാത്രമേ കയ്യിലെത്തിയിരുന്നുള്ളു. എന്നാല്‍, ഇന്ന് കാലം പുരോഗമിച്ചതോടെ അത്യാധുനിക സാങ്കേതിവിദ്യകളുടെ പിന്തുണ കൂടിയായി. ഇത്തരം ഇ-മെയിലുകള്‍ എത്താത്ത ദിവസങ്ങള്‍ ഇല്ല എന്നു തന്നെ പറയാം. ദൈവം ഒരു രാഷ്ട്രീയക്കാരനല്ല എന്നാണ് ഇത്തരം നോട്ടീസുകള്‍ കിട്ടുമ്പോള്‍ ആദ്യമോര്‍ക്കേണ്ടത്. നോട്ടീസടിച്ച് പബ്ലിസിറ്റി ഉണ്ടാക്കേണ്ട കാര്യം ദൈവത്തിനില്ല. തന്റെ മഹത്വം വര്‍ണിക്കുന്ന ഒരു ഇ-മെയില്‍ പത്തുപേര്‍ക്കു ഫോര്‍വേഡ് ചെയ്യുന്നതുകൊണ്ടു മാത്രം സന്തുഷ്ടനാകുന്ന നിസാരനാണോ അദ്ദേഹം? തനിക്കു പബ്ലിസിറ്റി കിട്ടാതിരിക്കാന്‍ മെയില്‍ ഡിലേറ്റ് ചെയ്യുന്നവനെ ശിക്ഷിക്കാന്‍ മാത്രം ചീപ്പാണോ ലോകാധിപനായ ദൈവം? ഇത്തരം മെയിലുകളില്‍ നമ്മള്‍ വിശ്വസിച്ചു പോയിട്ടുണ്ടോ? കിട്ടിയാല്‍ കിട്ടട്ടെ എന്നു കരുതി ഫോര്‍വേഡ് ചെയ്തിട്ടുണ്ടോ? എങ്കില്‍ കണ്ണടച്ച് കാതോര്‍ക്കുക. 'അല്‍പവിശ്വാസികളെ...' എന്ന് കര്‍ത്താവ് വിളിക്കുന്നത് നമുക്ക് കേള്‍ക്കാനാകും. കര്‍ത്താവ് നമ്മുടെ ഹൃദയത്തിലുണ്ടെങ്കില്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ നമ്മളെ കീഴടക്കുന്നതെങ്ങനെ? ഒരു വലിയ കമ്പനിയുടെ മേധാവിയാണ് നിങ്ങളുടെ ഒരു അടുത്ത സുഹൃത്ത് എന്ന് കരുതുക. നിങ്ങളുടെ ബാല്യകാല സുഹൃത്ത്. എല്ലാ രഹസ്യങ്ങളും അറിയാവുന്ന ഒരാള്‍. നിങ്ങള്‍ പറയാതെ തന്നെ നിങ്ങളുടെ വിഷമം അറിഞ്ഞു സഹായിക്കുന്ന കൂട്ടുകാരന്‍. കമ്പനി മേധാവി നിങ്ങളുടെ അടുത്ത സുഹൃത്താണ് എന്നറിയാതെ ഒരാള്‍ നിങ്ങളെ സമീപിച്ച് ഒരു വാഗ്ദാനം നല്‍കുന്നു. ഒരു ലക്ഷം രൂപ തന്നാല്‍ കമ്പനി മേധാവിയെ സ്വാധീനിച്ച് നല്ലൊരു ജോലി നിങ്ങള്‍ക്കു വാങ്ങിത്തരാം എന്ന്. എന്തു മറുപടിയാവും നിങ്ങള്‍ പറയുക? ഇടനിലക്കാരാ, എനിക്ക് കമ്പനി മേധാവിയുമായി സംസാരിക്കുവാനോ ജോലി തരപ്പെടുത്താനോ നിന്റെ ശുപാര്‍ശ ആവശ്യമില്ല. നിനക്കുള്ളതിനെക്കാള്‍ അടുപ്പം ഞങ്ങള്‍ തമ്മിലുണ്ട് എന്നല്ലേ നമ്മള്‍ പറയൂ. തട്ടിപ്പുനടത്തി പണം സമ്പാദിക്കാന്‍ ശ്രമിക്കുന്ന ഇടനിലക്കാരനെ പിടിച്ച് പൊലീസിലേല്‍പിക്കാനും നമ്മള്‍ ശ്രമിക്കും. ഇല്ലേ? രോഗസൌഖ്യം നല്‍കുമെന്നു വ്യാജപ്രചാരണം നടത്തി പണം തട്ടുന്നവരോടും നേരത്തെ സൂചിപ്പിച്ച പോലുള്ള മെയിലുകള്‍ അയച്ച് ദൈവശക്തിയെ വിലകുറച്ചു കാണിക്കുന്നവരോടും പറയേണ്ടത് ഇങ്ങനെതന്നെയാണ്. സുഹൃത്തേ, എന്റെ ഹൃദയത്തില്‍ വസിക്കുന്ന ദൈവത്തോട് സംസാരിക്കുവാന്‍, അനുഗ്രഹങ്ങള്‍ യാചിക്കുവാന്‍ എനിക്കു നിന്റെ ഒൌദാര്യം ആവശ്യമില്ല. യേശു തന്നെ പറയുന്നു: ''മനുഷ്യരില്‍ നിന്നു ഞാന്‍ മഹത്വം സ്വീകരിക്കുന്നില്ല. എനിക്കു നിങ്ങളെ അറിയാം. നിങ്ങളില്‍ ദൈവസ്നേഹമില്ല. ഞാന്‍ എന്റെ പിതാവിന്റെ നാമത്തില്‍ വന്നിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ സ്വീകരിക്കുന്നില്ല. എന്നാല്‍ മറ്റൊരുവന്‍ സ്വന്തം നാമത്തില്‍ വന്നാല്‍ നിങ്ങള്‍ അവനെ സ്വീകരിക്കും.'' (യോഹന്നാന്‍ 5 :41-23) ദൈവത്തിലേക്ക് എത്തുവാനോ അനുഗ്രങ്ങള്‍ ലഭിക്കുവാനോ കുറുക്കുവഴികളൊന്നും തിരയേണ്ടതില്ല. മനസ്സുതുറന്ന് ദൈവത്തോട് പ്രാര്‍ഥിക്കുവിന്‍. 'വഴിയും സത്യവും ജീവനും ഞാനാകുന്നു. എന്നിലൂടെയല്ലാതെ ആരും പിതാവിന്റെ അടുക്കലേക്കു വരുന്നില്ല' - യേശുവിന്റെ ഇൌ വാക്കുകള്‍ മറക്കാതിരിക്കുക.