Sunday, April 20, 2008

വീണ്ടും ലിസ, മൊണാ ലിസ

'അവിശ്വസനീയമായതു സംഭവിച്ചു; മൊണാലിസ മോഷ്ടിക്കപ്പെട്ടു'
പാരീസിലെ നാഷനല്‍ ആര്‍ട്ട് ഗാലറിയില്‍ നിന്ന് 1911ല്‍ മൊണാലിസ എന്ന വിശ്വവിഖ്യാത പെയിന്റിങ് മോഷ്ടിക്കപ്പെട്ടപ്പോള്‍ വിദേശമാധ്യമങ്ങള്‍ ആ വാര്‍ത്തയ്ക്കു തലക്കെട്ടിട്ടത് ഇത്തരത്തിലായിരുന്നു.
ലാ ജൊക്കൊന്തെ എന്ന് ഫ്രഞ്ചുകാരും ലാ ജിയോകൊന്തെ എന്നു ഇറ്റലിക്കാരും വിളിക്കുന്ന മൊണാ ലിസയ്ക്കു വെറുമൊരു പെയിന്റിങ്ങിനുള്ളതിനെക്കാള്‍ വലിയ സ്ഥാനം ജനഹൃദയങ്ങളിലുണ്ടായിരുന്നു. അതു നഷ്ടപ്പെടുന്നതിനെക്കുറിച്ച് അവര്‍ക്കു ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല. രണ്ടു വര്‍ഷത്തിനു ശേഷം ഫ്ളോറന്‍സിലെ ഒരു ഹോട്ടല്‍മുറിയില്‍ നിന്ന് ചിത്രം കണ്ടുകിട്ടുന്നതു വരെ മൊണാ ലിസ ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി.
അഞ്ചു നൂറ്റാണ്ടു കഴിഞ്ഞിട്ടും ഇറ്റാലിയന്‍ നവോത്ഥാനകാലത്തെ പ്രമുഖ ചിത്രകാരന്‍ ലിയനാര്‍ഡോ ഡാ വിഞ്ചിയുടെ ഈ പ്രസിദ്ധ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകളും വിലയിരുത്തലുകളും അവസാനിച്ചിട്ടില്ല. മൊണാ ലിസയുമായി ബന്ധപ്പെട്ട് വാര്‍ത്തകളും പഠനങ്ങളും ഇടയ്ക്കിടെ പുറത്തുവന്നു കൊണ്ടേയിരിക്കും; ഡാ വിഞ്ചിയുടെ മൊണാ ലിസ ആരായിരുന്നു, എന്തിനാണ് അവര്‍ ചിരിക്കുന്നത് തുടങ്ങിയ സംശയങ്ങള്‍ക്ക് ഉത്തരങ്ങളുമായി.
അത്തരത്തില്‍ പുതിയതാണ് കഴിഞ്ഞ ആഴ്ച ലണ്ടനില്‍ നിന്നു വന്നത്.
ഫ്ലോറെന്‍ഡയിലെ ഒരു വ്യാപാരിയായ ഫ്രാന്‍സിസ്ക ഗിയോകോണ്‍ഡയുടെ ഭാര്യയായ ലിസ ഡെല്‍ഗിയോ കോണ്‍ഡ എന്ന സുന്ദരിയാണു മൊണാ ലിസയായി മാറിയതെന്നതിനു തെളിവുകള്‍ ജര്‍മന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പുറത്തുവിട്ടു. ഡാ വിഞ്ചിയുടെ സുഹൃത്ത് അഗ്ഗാസ്റ്റിനൊ വെസ്പുചി എഴുതിയ കുറിപ്പുകളില്‍ നിന്ന് ഈ വിശ്വാസം ശരിവയ്ക്കുന്ന തെളിവുകള്‍ കിട്ടി.
ലിസ ഡെല്‍ഗിയോയാണ് മൊണാ ലിസ എന്നതു ഒരു പുതിയ കണ്ടെത്തലല്ല. ഡാ വിഞ്ചിയുടെ മരണത്തിനു ശേഷം 31 വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തെക്കുറിച്ചെഴുതപ്പെട്ട ജീവചരിത്രക്കുറിപ്പുകളില്‍ തന്നെ ഈ കഥ പറഞ്ഞിരുന്നു. ലോകത്തില്‍ ഏറ്റവും പ്രശസ്തി പിടിച്ചു പറ്റിയ മോഡലായി ഇവര്‍ നേരത്തെ തന്നെ അറിയപ്പെടുന്നു. ഫ്രാന്‍സിസ്കോ ഗിയോകോണ്‍ഡ എന്ന വ്യാപാരിയുടെ മൂന്നാം ഭാര്യയായിരുന്നു ലിസ. അദ്ദേഹത്തിന്റെ മൂന്നാം ഭാര്യയായിരുന്നു അവള്‍. ലിസയെക്കാളും 19 വയസിന്റെ പ്രായക്കൂടുതലുണ്ടായിരുന്നു ഫ്രാന്‍സിസ്കോയ്ക്ക്.
കലാസ്നേഹിയായ ഫ്രാന്‍സിസ്കോ തന്നെയാണ് തന്റെ ഭാര്യയുടെ ചിത്രം വരയ്ക്കാന്‍ ഡാ വിഞ്ചിയെ ഏര്‍പ്പെടുത്തിയത്. എന്നാല്‍, പറഞ്ഞ സമയത്തിനുള്ളില്‍ ചിത്രത്തിന്റെ രചന പൂര്‍ത്തിയാക്കാന്‍ ഡാ വിഞ്ചിക്ക് സാധിച്ചില്ല. അതോടെ ഡാ വിഞ്ചിയുമായുള്ള ഇടപാട് ഫ്രാന്‍സിസ്കോ അവസാനിപ്പിച്ചു. ചിത്രം പൂര്‍ത്തിയാക്കാത്തതുകൊണ്ട് അതുവരെ അദ്ധ്വാനിച്ചതിന്റെ പ്രതിഫലവും കൊടുത്തില്ല. പൂര്‍ത്തിയാകാത്ത ചിത്രവുമായി ഡാ വിഞ്ചി മടങ്ങി.
മൊണാ ലിസ പൂര്‍ത്തിയാക്കാന്‍ ഡാ വിഞ്ചി എത്ര കാലമെടുത്തു എന്നതിനെക്കുറിച്ചു പല അഭിപ്രായങ്ങളുണ്ട്. നാലു വര്‍ഷമെന്നതാണു പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. പക്ഷേ, 1519ല്‍ മരിക്കുന്നതു വരെയും അദ്ദേഹം മൊണാ ലിസയുടെ മിനുക്കുപണികള്‍ തുടര്‍ന്നുകൊണ്ടിയിരുന്നുവെന്ന വാദവുമുണ്ട്. ഡാവിഞ്ചിക്ക് ഏറ്റവും സംതൃപ്തി നല്‍കിയ ചിത്രമായിരുന്നു മൊണാ ലിസ. തന്റെ പെയിന്റിങ്ങിനെ അദ്ദേഹം ഏറെ സ്നേഹിച്ചിരുന്നു. അദ്ദേഹം പോയ സ്ഥലത്തൊക്കെയും മൊണാ ലിസയെയും അദ്ദേഹം കൂടെ കൊണ്ടുപോയി. ലിസ എന്ന യുവതിയെ അത്രയേറെ ഡാവിഞ്ചി ഇഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു.
മൊണാ ലിസയുടെ മുഖവും ഡാ വിഞ്ചിയുടെ മുഖവും തമ്മിലുള്ള സാദൃശ്യവും പലരു എടുത്തുകാട്ടിയിട്ടുണ്ട്. തന്നെ ഒരു സ്ത്രീയായി കണ്ട് ഡാ വിഞ്ചി സൃഷ്ടിച്ചതാണ് മൊണാ ലിസയെന്നാണ് ഇക്കൂട്ടരുടെ വാദം. അദ്ദേഹത്തിന്റെ വീട്ടു ജോലിക്കാരിയാണ് മൊണാ ലിസയായി മാറിയതെന്നും വാദങ്ങളുണ്ട്.
മൊണാ ലിസ ആരാണ് എന്നതിനപ്പുറം ആ ചിരിയുടെ നിഗൂഡതയാണ് ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു പ്രധാന കാര്യം. നിഗൂ‍ഡവും മാസ്മരികവുമായ ആ പുഞ്ചിരി ലോകം മുഴുവനുമുള്ള ആസ്വാദകരുടെ മനസില്‍ ഇപ്പോഴും വ്യക്തമായ ഉത്തരം നല്‍കാതെ ദുരൂഹതയായി തുടരുന്നു.
മൊണാലിസയുടെ ചിരിയുടെ അര്‍ഥമെന്തെന്ന ചര്‍ച്ചയ്ക്കു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. പല വിചിത്രമായ വ്യാഖ്യാനങ്ങളും അതിനുണ്ട്. തന്റെ കുട്ടിയുടെ മരണത്തില്‍ വിലപിച്ചിരിക്കുന്ന സ്ത്രീയെയാണ് ഡാവിഞ്ചി വരച്ചതെന്ന് ഒരു വിഭാഗം പറയുന്നു. കാമുകനെ കാത്തിരിക്കുന്ന കാമുകിയായും പല്ലു പറിച്ചിട്ട് വേദനിച്ചിരിക്കുന്ന സ്ത്രീയായും വരെ മൊണാലിസയുടെ പുഞ്ചിരിയെ വ്യാഖ്യാനിച്ചവരുണ്ട്.

(തൊഴില്‍വീഥിയിലെ എറൌണ്ട് ദ് വേള്‍ഡ് എന്ന കോളത്തില്‍ പ്രസിദ്ധീകരിച്ചത്)

കരയാന്‍ ഭാര്യമാര്‍ 29; പക്ഷേ...

കൃത്യം പത്തു വര്‍ഷം മുമ്പാണു ഗെന്‍ വുള്‍ഫ് മരിച്ചത്. കലിഫോര്‍ണിയയിലെ റെഡ്ലാന്‍ഡ്സിലുള്ള ഒരു നഴ്സിങ് ഹോമില്‍ വച്ച് എണ്‍പത്തിയെട്ടാം വയസിലായിരുന്നു അദ്ദേഹത്തിന്റെ മരണം. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ വരുമെന്ന പ്രതീക്ഷയില്‍ നഴ്സിങ് ഹോം അധികൃതര്‍ കുറെദിവസം കാത്തു. ബന്ധുബലത്തില്‍ മറ്റാരെക്കാളും സമ്പന്നനായ മനുഷ്യന്‍. പക്ഷേ, അവര്‍ പ്രതീക്ഷിച്ചതു പോലെയൊന്നുമായിരുന്നില്ല കാര്യങ്ങള്‍. ആരും തിരിഞ്ഞുനോക്കാന്‍ ഇല്ലാതെ അനാഥമായി ആ മൃതദേഹം അവിടെ കിടന്നു. ഒടുവില്‍, നഴ്സിങ് ഹോം അധികൃതര്‍ തന്നെ മൃതദേഹം അടക്കം ചെയ്തു. ഭാര്യയുടെയും മക്കളുടെയും കണ്ണുനീരില്‍ കുതിര്‍ന്ന മണ്ണിലേക്ക് അടക്കം ചെയ്യപ്പെടുന്ന മൃതദേഹങ്ങളുടെ ഉടമകള്‍ ഭാഗ്യവാന്മാര്‍. അവരെ ഒാര്‍ക്കാന്‍ ആരെങ്കിലുമുണ്ടല്ലോ. ഗെന്‍ മരിക്കുമ്പോള്‍ സ്വാഭാവികമായും അങ്ങനെ കരയാന്‍ ബാധ്യതയുള്ളവര്‍ ഒന്നും രണ്ടുമല്ല. അവരുടെ സഖ്യം നൂറോളം വരും. നിയമപ്രകാരം 29 വിവാഹം കഴിച്ചു ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ച വ്യക്തിയാണ് ഗെന്‍ വൂള്‍ഫ്. ഒരേസമയം തന്നെ അഞ്ഞൂറും ആയിരവും ഭാര്യമാരെ പോറ്റിയിരുന്ന രാജാക്കന്‍മാരുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. പതിനാറായിരത്തിലേറെ ഭാര്യമാരുണ്ടായിരുന്നല്ലോ ഭഗവാന്‍ ശ്രീകൃഷ്ണന്. പക്ഷേ, ഗെന്‍ അങ്ങനെയായിരുന്നില്ല. ഒരോ ബന്ധവും ഭാര്യയുടെ മരണം മൂലമോ വിവാഹമോചനം വഴിയോ വേര്‍പ്പെട്ട ശേഷം അടുത്ത വിവാഹം. അങ്ങനെയാണ് 88 വയസിനുള്ളില്‍ 29 പേരെ ഗെന്‍ വിവാഹം കഴിച്ചത്. മരിക്കുന്നതിനു ഒരു വര്‍ഷം മുന്‍പായിരുന്നു അവസാന വിവാഹം. ലിന്‍ഡാ എസെക്സ് എന്ന അമ്പതുകാരിയായിരുന്നു വധു. (ലിന്‍ഡായുടെ ഇരുപത്തിമൂന്നാം വിവാഹമായിരുന്നു അത്. മറ്റൊന്നു കൂടി: ഏറ്റവും കൂടുതല്‍ വിവാഹം കഴിച്ച രണ്ടാമത്തെ ആള്‍ എന്ന ഗിന്നസ് റിക്കോര്‍ഡ് ലിന്‍ഡയുടെ പേരിലാണ്) ലിന്‍ഡായുമായുള്ള വിവാഹം പക്ഷേ, ഗെന്‍ ആഗ്രഹിച്ചതായിരുന്നില്ല. ഒരു ബ്രിട്ടീഷ് ടെലിവിഷന്‍ കമ്പനിയുടെ പദ്ധതിയായിരുന്നു അത്. 28 വിവാഹം കഴിച്ച ഗെന്നിനെയും 22 വിവാഹം കഴിച്ച ലിന്‍ഡായെയും ഒരിക്കല്‍ കൂടി താലിചാര്‍ത്തിക്കുക എന്ന അവരുടെ പദ്ധതിക്ക് ഇരുവരും വഴങ്ങുകയായിരുന്നു. അതുകൊണ്ടു തന്നെ ഒരാഴ്ച ഒന്നിച്ചു താമസിച്ച ശേഷം ലിന്‍ഡാ അവരുടെ വഴിക്കു പോയി. ഗെന്നിന്റെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ഇന്‍ഡ്യാനയിലെ കുടുംബവീട്ടിലായിരുന്നു ലിന്‍ഡാ. ''അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നു. അവസാനമായി ഒന്നു കാണണമെന്നും ആ മൃതദേഹം യഥാവിധം സംസ്കരിക്കണമെന്നും ആഗ്രഹമുണ്ട്. പക്ഷേ, അവിടെ വരെ പോകാനുള്ള പണം എന്റെ കയ്യിലില്ല''- ഭര്‍ത്താവിന്റെ മരണവാര്‍ത്തയറിഞ്ഞപ്പോള്‍ ലിന്‍ഡായുടെ പ്രതികരണം ഇതായിരുന്നു. 29 വിവാഹം കഴിച്ചെങ്കിലും 19 മക്കള്‍ മാത്രമായിരുന്നു ഗെന്നിനുണ്ടായിരുന്നത്. മക്കളുണ്ടാവാനുള്ള സമയം പോലും പല വിവാഹബന്ധവും നീണ്ടുനിന്നില്ല. നാലു ഭാര്യമാര്‍ മരിച്ചു. 24 ഭാര്യമാരെ വിവാഹമോചനം ചെയ്തു. അവസാന ഭാര്യയായ ലിന്‍ഡാ മരണസമയം വരെ ഗെന്നിന്റെ ഭാര്യയായി തുടരുകയു ചെയ്തു. ഗെന്‍ വൂള്‍ഫിനും ലിന്‍ഡായ്ക്കും ശേഷം ഏറ്റവും അധികം വിവാഹം കഴിച്ചതിന്റെ റിക്കോര്‍ഡ് ആരുടെ പേരിലാണെന്ന് അറിയുമോ? സാക്ഷാല്‍ ഉസാമ ബിന്‍ ലാദന്റെ പിതാവ് മുഹമ്മദ് ബിന്‍ ലാദന്‍ ആണ് ആ വ്യക്തി. ഇരുപത്തിരണ്ടു വിവാഹം കഴിച്ച മുഹമ്മദിന്റെ പത്താം വിവാഹത്തില്‍ ഉണ്ടായ മകനാണ് ഉസാമ ബിന്‍ ലാദന്‍. എണ്ണം കൊണ്ടു നാലാം സ്ഥാനത്തുള്ള മലേഷ്യക്കാരി വുക്ക് കുണ്ടറിന്റെ പേരില്‍ മറ്റൊരു റിക്കോര്‍ഡ് കൂടിയുണ്ട്. ഏറ്റവുമധികം പ്രായവ്യത്യാസമുള്ള വിവാഹം. 104 വയസുള്ളപ്പോഴാണ് കുണ്ടര്‍ മുപ്പതിമൂന്നുകാരനായ മുഹമ്മദിനെ വിവാഹം കഴിക്കുന്നത്. 71 വര്‍ഷത്തെ പ്രായവ്യത്യാസം. കഴിഞ്ഞ വര്‍ഷമായിരുന്നു അത്. വിവാഹവാര്‍ത്ത ലോകം മുഴുവനുമുള്ള പത്രങ്ങളില്‍ സ്ഥാനം പിടിച്ചുവെങ്കിലും പിന്നീട് അവര്‍ക്ക് എന്തു സംഭവിച്ചുവെന്ന് ആരും എഴുതികണ്ടിട്ടില്ല. അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും ആരും അന്വേഷിച്ചില്ല. ആ ബന്ധം ഇപ്പോഴും തുടരുന്നുണ്ടാവുമോ? അറിയല്ല. ഉണ്ടാവട്ടെ. അങ്ങനെ ആശംസിക്കാം.